ആദ്യരോഗിയുടെ സമ്പർക്കത്തിലെ 281 പേരുടെ ഐസോലേഷൻ പൂർത്തിയായി

നിപ പരിശോധനയിൽ പുതിയ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അവലോകന യോഗത്തിന് ശേഷം അറിയിച്ചു. 49 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ആദ്യത്തെ രോഗിയുടെ ഹൈറിസ്‌ക് സമ്പർക്കത്തിൽപ്പെട്ട 281 പേരുടെ ഐസോലേഷൻ പൂർത്തിയായി. 36 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ചൊവ്വാഴ്ച 16 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്.നിലവിൽ 11 പേരാണ് ഐസോലേഷനിലുള്ളത്. ചികിത്സയിലുള്ള മൂന്ന് രോഗികളുടെയും നില തൃപ്തികരമാണ്. ചികിത്സയിലുള്ള കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. വീടുകളിൽ നടക്കുന്ന സർവേ ഫറോക്ക് ഒഴികെ എല്ലായിടത്തും പൂർത്തിയായി. 52,667 വീടുകളിലാണ് സർവേ പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.

മ്യൂട്ടേഷൻ ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴത്തെ നിഗമനമെന്നും ഇതു സംബന്ധിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു
നിപ രോഗവ്യാപനം ഉണ്ടായതിനടുത്ത ഒരു പ്രത്യേക സ്ഥലത്തുനിന്ന് എടുത്ത 36 വവ്വാൽ സാമ്പിളുകൾ പരിശോധിച്ചത് നെഗറ്റീവായിരുന്നു. തൊട്ടടുത്ത സ്ഥലത്തുനിന്നും സാമ്പിൾ എടുത്തിട്ടുണ്ട്. ഐസിഎംആർ ലാബ് മായി ബന്ധപ്പെട്ടവരും, മൃഗസംരക്ഷണ വകുപ്പിൽനിന്നുള്ളവരും ജില്ലയിൽ പരിശോധന നടത്തിവരുന്നു. ഇതുസംബന്ധിച്ച നിരീക്ഷണങ്ങൾ തുടരും. കാട്ടുപന്നികൾ ചത്തതിന്റെ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഇതുവരെ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് കേന്ദ്രസംഘം അറിയിച്ചത്. ആദ്യരോഗിക്ക് എവിടെ നിന്നാണ് രോഗം വന്നതെന്നതിന്റെ പരിശോധന നടത്തിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ആരോഗ്യ സംവിധാനം ശക്തമായതു കൊണ്ട് രോഗം കൃത്യമായി കണ്ടുപിടിക്കാനാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

സമ്പർക്കത്തിലുള്ളവർക്ക് 21 ദിവസം ഐസൊലേഷൻ നിർബന്ധം

നിപ രോഗബാധിതരുമായി സമ്പർക്കത്തിലായിരുന്ന എല്ലാവരും നിർബന്ധമായും 21 ദിവസം ഐസോലേഷനിൽ ആയിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരിശോധയിൽ നെഗറ്റീവ് ആയാലും ഐസോലേഷൻ നിർബന്ധമാണ്. ഹൈറിസ്‌ക്, ലോറിസ്‌ക് സമ്പർക്കമുള്ള എല്ലാവർക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. 21 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും വൈറസ് സജീവമാകാം എന്നതിനാലാണിതെന്നും മന്ത്രി പറഞ്ഞു.

അമിത ആത്മവിശ്വാസം വേണ്ട, ജാഗ്രത തുടരണം: മന്ത്രി മുഹമ്മദ് റിയാസ്

നിപ രോഗഭീതി ഒഴിയുകയാണെങ്കിലും അമിത ആത്മവിശ്വാസത്തിലേക്ക് പോവരുതെന്നും അത് അപകടം ചെയ്യുമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതുവരെ സ്വീകരിച്ച ജാഗ്രത തുടരണം. ജില്ലയിൽ എല്ലാവരും കൃത്യമായി മാസ്‌ക് ഉപയോഗിക്കണം. ഇതുവരെ എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി സ്വീകരിച്ച സമീപനം തുടർന്നാൽ ഏതാനും ദിവസം കൊണ്ട് സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കണ്ടെയിൻമെൻറ് സോണുകളിൽ വളണ്ടിയർ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സർക്കാർ നിലപാടിനൊപ്പം കോഴിക്കോടിലെ ജനതയും നിന്നെന്നും മന്ത്രി പറഞ്ഞു.

അവലോകന യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലാ കലക്ടർ എ ഗീത, സബ് കലക്ടർ വി ചെത്സാസിനി, അസി. കലക്ടർ പ്രതീക് ജെയിൻ, എ ഡി എം സി. മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.റീന കെ.ജെ, എ ഡി എച്ച് എസ് ഡോ. നന്ദകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷാജി സി.കെ, കേന്ദ്രസംഘ അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!