‘നിപ’ വൈറസ് രോഗം അറിയുക, പ്രതിരോധിക്കുക

അറിയുക, പ്രതിരോധിക്കുക

സാധാരണ വൈറസ് പനിപോലെ തുടങ്ങുന്ന ഈ രോഗം ഏകദേശം 20 വർഷം മുമ്പാണ് ആദ്യമായി കണ്ടു പിടിക്കപ്പെടുന്നത്. സാധാരണ മൃഗങ്ങളെ ബാധിക്കുന്ന ഈ അസുഖം ചിലപ്പോൾ മനുഷ്യരിലേക്കും പടരാം. അതു കൊണ്ടാണ് ഇതിനെ Zoonotic disease എന്ന് പറയുന്നത്.
പടരാൻ പല വഴി
ഏഷ്യയിൽ തെക്കു കിഴക്കൻ രാജ്യങ്ങളായ മലേഷ്യ, സിംഗപ്പൂർ, ഇന്ത്യ’ ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് ഈ രോഗം റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.
ഫലങ്ങൾ ഭക്ഷിച്ച് ജീവിക്കുന്ന ഒരു തരം വവ്വാലുകളിലാണ് നിപ വൈറസുകൾ കാണപ്പെടുന്നത്. Flying Fox/പാറ്റാട/പറക്കും കുറുക്കൻ എന്നൊക്കെ അറിയപ്പെടുന്ന ഈ വാവലുകൾ ഭക്ഷിച്ച ഫലങ്ങളിൽ ഇമിനീരിലൂടെയും അവയുടെ വിസർജ്യങ്ങളാൽ മലിനമായ മറ്റ് ഭക്ഷ്യവസ്തുക്കളിലൂടെയും നമ്മുടെ ശരീരത്തിൽ പ്രവേശിക്കാം.
രോഗാണുബാധയുള്ള വവ്വാലുകൾ ഭക്ഷിച്ച ഫലങ്ങൾ (ഉദാഹരണം: കാപ്പി ക്കുരു, വാഴക്കൂമ്പ്, മാങ്ങ, പേരക്ക, ചാമ്പയ്ക്ക) കുട്ടികൾ ശേഖരിച്ച് കഴിക്കുകയോ വിൽക്കുകയോ ചെയ്യാറുണ്ട്. ഇത് രോഗം പകരുന്നതിന് കാരണമാകാം.
ഇത്തരം വാവലുകൾ കൂടുതലുള്ള പ്രദേശങ്ങളിൽ തുറന്ന പാത്രങ്ങളിൽ ശേഖരിക്കുന്ന കള്ളു പോലെയുള്ളവയിൽ പോലും വാവലുകളുടെ സ്രവമോ വിസർജ്യമോ കലരാൻ സാധ്യതയുണ്ട്. ഇവയുടെ ഉപയോഗവും രോഗം വരുന്നതിന് കാരണമാകാം.
വവ്വാലുകൾ അധികമുള്ള പ്രദേശങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന കാറുകൾക്ക് മുകളിൽ പലപ്പോഴും ഇവയുടെ കാഷ്ഠം കാണാറുണ്ട്. ഇത് കൈ കൊണ്ട് തട്ടിക്കളഞ്ഞിട്ടോ കഴുകിയിട്ടോ ശരിയായ ശുചിത്വം പാലിച്ചില്ലെങ്കിലും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം.
വവ്വാലുകളിൽ നിന്ന് പന്നികൾ, നായ്ക്കൾ, ആടുകൾ, പൂച്ച, കുതിര എന്നിവയിലേക്കും രോഗം പകരാൻ സാധ്യതയുള്ളതായി റിപ്പോർട്ടുണ്ട്. ഇവയിൽ പന്നികളിലാണ് കൂടുതൽ സാധ്യത. വവ്വാലുകളിൽ രോഗാണുക്കൾ ഉണ്ടെങ്കിലും രോഗലക്ഷണങ്ങൾ കാണപ്പെടണമെന്നില്ല. എന്നാൽ പന്നികളിൽ രോഗം ബാധിക്കുകയും അവയെ പരിചരിക്കുന്ന വ്യക്തികളിലേക്ക് രോഗം എളുപ്പത്തിൽ പടരുകയും ചെയ്യും. പന്നിയുടെ സ്രവങ്ങളിലൂടെയും വിസർജ്യങ്ങളിലൂടെയുമാണ് രോഗാണുക്കൾ മനുഷ്യരിലേക്ക് എത്തുന്നത്. ഇതേ രീതിയിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പടരും. എന്നാൽ, സാധാരണ പകർച്ചപ്പനി പോലെ വായു വിലൂടെ പടരുന്ന രോഗമല്ല ഇത്. പകരം രോഗിയുടെ ഉമിനീർ , മൂക്കിൽ നിന്നുള്ള സ്രവം, രക്തം, കഫം, മൂത്രം എന്നിവയിൽ രോഗാണുക്കൾ ഉണ്ടാകും. ഇവ ശ്രദ്ധാപൂർവം കൈകാര്യം ചെയ്തില്ലെങ്കിൽ രോഗം പടരാം.
തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ താഴെ വീണു കിടക്കുന്ന കായ്കനികൾ ഭക്ഷിക്കരുത്. കുട്ടികൾ അവയെടുത്ത് കളിക്കുന്നതും അപകടമാണ്.
വവ്വാലുകൾക്ക് ഇഷ്ടപ്പെട്ട ഒന്നാണ് ഉന്നമരത്തിന്റെ കായ്കൾ. ഉന്നമരത്തിൽ അവ കൂട്ടത്തോടെ എത്താറുണ്ട്. ഇവ കടിച്ച് താഴെ വീഴുന്ന ഉന്നക്കായ പെറുക്കുമ്പോഴും രോഗാണുക്കൾ പകരാൻ സാധ്യതയുണ്ട്.
വവ്വാലുകൾ താമസിക്കുന്ന ആള നക്കമില്ലാത്ത ഇരുട്ടുമുറികൾ വൃത്തിയാക്കുന്നവർ തറയിൽ അവയുടെ വിസർജ്യത്തിൽ നഗ്നപാദരായി ചവിട്ടുമ്പോൾ രോഗം പകരാം. അതോടൊപ്പം ചെരുപ്പിട്ടാലും അതിനടിയിൽ പറ്റിപ്പിടിച്ച കാഷ്ഠം നന്നായി കഴുകി വൃത്തിയാക്കിയില്ലെങ്കിൽ പലയിടത്തും വീണ് അപകട സാധ്യതയുണ്ടാക്കാമെന്നതും ശ്രദ്ധിക്കണം.

ലക്ഷണങ്ങൾ

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ഉടനേ രോഗം പിടിപെടില്ല. രോഗലക്ഷണങ്ങൾ കാണപ്പെടാൻ 4 മുതൽ 14 ദിവസം വരെ സമയമെടുക്കും. ഈ സമയത്ത് രോഗാണുക്കൾ ശരീരത്തിൽ പെരുകിക്കൊണ്ടിരിക്കും.
ചിലരിൽ ഒരു സാധാരണ പനിപോലെ ഇതു വന്നു പോകും. ചിലരിൽ രോഗം പെട്ടെന്ന് വർധിക്കുകയും തലവേദന, പേശിവേദന, തലചുറ്റൽ, മയക്കം, വിഭ്രാന്തി, സ്ഥലകാല ഭ്രമം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടാകും. തുടർന്ന് മസ്തിഷ്കജ്വരം, അബോധാവസ്ഥ, അപസ്മാരം, ചിലപ്പോൾ മരണം തന്നെ സംഭവിക്കാം. ഈ സങ്കീർണതകൾ തരണം ചെയ്യുന്ന ചില രോഗികളിൽ ദീർഘകാലം നീണ്ടു നിൽക്കുന്ന അപസ്മാരം വ്യക്തിത്വത്തിൽ മാറ്റങ്ങൾ മുതലായവയും കാണപ്പെടാം. അപൂർവം ചിലരിൽ മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞ് രോഗലക്ഷണങ്ങൾ വീണ്ടും പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്.

കരുതൽ പ്രതിരോധം

ചിലയിടങ്ങളിൽ മരണ നിരക്ക് 50-75% വരെ ഉയർന്നിട്ടുണ്ട്. അതു കൊണ്ടു തന്നെ വളരെ സൂക്ഷിക്കേണ്ട രോഗമാണിത്. പ്രതിരോധവും ശ്രദ്ധയുമാണ് രോഗം തടയാൻ ഉത്തമ മാർഗം.
രോഗം ബാധിച്ചവരിൽ നിന്ന് മറ്റുള്ളവരിലേക്ക് സംക്രമിക്കാതിരിക്കാൻ പല മുൻകരുതലുകളും ആവശ്യമാണ്.
1. പനി വന്നാൽ നിസാരമായി കാണരുത്. സ്വയം ചികിത്സയും ഒഴിവാക്കുക. ശ്രദ്ധയോടെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുക.
2. രോഗമുണ്ടോ എന്നു സംശയം തോന്നിയാൽ ഉടൻ വൈദ്യസഹായം തേടണം.
3. രോഗിയെ കഴിവതും പൊതു വാഹനങ്ങളിൽ കയറ്റാതെ സ്വകാര്യ വാഹനങ്ങളിൽ കൊണ്ടു പോകുക.
4. രോഗിയെ പരിചരിക്കാൻ കഴിവതും ഒരാൾ മാത്രം കൂടെയുണ്ടാകുക.
5. രോഗിയെ പരിചരിക്കുമ്പോൾ ഗ്ലൗസ്, മാസ്ക് ധരിക്കുക.
6. രോഗിയുടെ ശരീരത്തിൽ നിന്നുള്ള സ്രവങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. സ്വന്തം ശരീരത്തിൽ ഇവ പതിക്കാതെ ശ്രദ്ധിക്കണം.
7. രോഗിയെ മാസ്ക് ഉപയോഗിക്കാൻ പ്രേരിപ്പിക്കുക
8. രോഗിയുടെ കിടക്കയിൽ മറ്റുള്ളവർ കിടക്കരുത്. കിടക്ക വിരിയും പുതപ്പും വസ്ത്രങ്ങളും മാറ്റുന്ന മുറയ്ക്ക് ബ്ലീച്ചിംഗ് പൗഡർ കലക്കിയ വെള്ളത്തിൽ ഇടുക. ശേഷം അലക്കി വെയിലത്ത് ഉണക്കുക. അലക്കുമ്പോൾ കൂട്ടത്തിൽ മറ്റുള്ളവരുടെ വസ്ത്രങ്ങൾ ചേർക്കരുത്.
9. ഓരോ തവണ പരിചരിക്കുമ്പോഴും സോപ്പിട്ട് കൈ നന്നായി കഴുകുക. ആൽക്കഹോൾ അടങ്ങിയ കൈശുചീകരണ ലായനികൾ (Hand Sanitizer) ലഭ്യമാണെങ്കിൽ അത് ഉപയോഗിക്കുക.
10. രോഗി ഉപയോഗിക്കുന്ന ടാപ്പ്, സ്വിച്ച്, പാത്രങ്ങൾ, ഫോൺ തുടങ്ങിയ എന്തും Sanitizer ഉപയോഗിച്ച് വൃത്തിയാക്കുക.
11. ചെറിയ കുഞ്ഞുള്ള അമ്മയ്ക്കാണ് രോഗം ബാധിക്കുന്നതെങ്കിൽ കുട്ടിയുടെ പരിചരണം മറ്റൊരാൾ ഏറ്റെടുക്കുക.
12. രോഗിയുടെ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കണം. ഒന്നോ രണ്ടോ പേർ മാത്രം പരിചരണം ഏറ്റെടുക്കുക. അവർ നിർദേശങ്ങൾ കർശനമായി അനുസരിക്കണം.
13. രോഗി മരിച്ചാൽ മൃതദേഹം കൈകാര്യം ചെയ്യുന്നവർ കൈയുറ (Gloves), മുഖാവരണം (Masc) മുതലായവ നിർബന്ധമായും ഉപയോഗിക്കണം. മൃതദേഹത്തിൽ നിന്ന് സ്രവങ്ങൾ ദേഹത്ത് പറ്റാതെ ശ്രദ്ധിക്കുക.
14. ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്ന രീതിയിലുള്ള പ്രചാരണങ്ങൾ നടത്തരുത്.
15. ആശുപത്രി അധികൃതരുമായി സഹകരിക്കുക. അവരുടെ നിർദേശങ്ങൾ അനുസരിക്കുക.
തെറ്റായ പ്രചാരണങ്ങൾ തിരിച്ചറിയാനും ശരിയായ ആരോഗ്യ ബോധവൽക്കരണം നടത്താനും എല്ലാവരും തയാറാകണം. അർഹിക്കുന്ന ഗൗരവത്തോടെ നാം കരുതലോടെ പ്രവർത്തിച്ചാൽ നിപ വൈറസിന്റെ ഭീഷണിയിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് സാധിക്കും.

കടപ്പാട്…

ഡോ.എസ്.കെ.സുരേഷ് കുമാർ
കൺസൾട്ടന്റ് ഫിസിഷൻ & ഡയബെറ്റോളജിസ്റ്റ്, ഇഖ്റ ഹോസ്പിറ്റൽ, കോഴിക്കോട്.
ഡോ. വി.കെ.ഷമീർ
അസി. പ്രൊഫ. മെഡിക്കൽ കോളജ്
കോഴിക്കോട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!