മേലടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വികസനത്തിന്റെ ഭാഗമായി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു


മേലടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വികസനത്തിന്റെ ഭാഗമായി
ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. മേലടി കമ്യൂണിറ്റി ഹെൽത്ത് സെൻ്ററും പൊതുജന ആരോഗ്യ പ്രവർത്തനങ്ങളും എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ സെമിനാർ കാനത്തിൽ ജമീല എം.എൽ എ ഉദ്ഘാടനം ചെയ്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു.
മൂന്ന് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്നതാണ് മേലടി പൊതുജനാരോഗ്യ കേന്ദ്രം. ആശുപത്രി വികസനത്തിനായി ജനപ്രതിനിധികളുടെയും പൊതു സമൂഹത്തിന്റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും നിർദ്ദേശങ്ങൾ തേടുന്നതിൻ്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്.
മേലടി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.വീണ മനോജ് “മേലടി സി.എച്ച് .സിയും പൊതുജനാരോഗ്യ പ്രവർത്തനങ്ങളും” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പൊതുജനങ്ങളിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളുടെ ക്രോഡീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ദുൽഖിഫിൽ,
മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.എം രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി. പ്രസന്ന സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ. പ്രകാശൻ നന്ദിയും പറഞ്ഞു.










