പരിമിതികൾ മറികടന്ന ഓണാഘോഷവുമായി ‘ഓണചങ്ങാതി’
ഭിന്നശേഷിയുള്ള കിടപ്പിലായ കുട്ടികളെ ഓണാഘോഷത്തിന്റെ സന്തോഷങ്ങളിലേക്ക് കൂട്ടികൊണ്ടുപോകാൻ ‘ഓണ ചങ്ങാതി’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു. പൊതു വിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ കിടപ്പിലായ വിദ്യാർത്ഥികൾക്കായി “പുഴയോരത്തെ പൂവിളി” എന്ന പേരിൽ അണേലയിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.പ്രകൃതി മനോഹരമായ അണേല പുഴയുടെ തീരത്ത് കണ്ടൽ മ്യൂസിയത്തിൽ കളിയും ചിരിയും ആഘോഷവുമായി ഒരു ദിനം അവർ കൂട്ടുകാർക്കൊപ്പം ഒത്തു ചേർന്നു. അധ്യാപകരും രക്ഷിതാക്കളും ആഘോഷത്തിന്റെ ഭാഗമായി.
സമഗ്ര ശിക്ഷ കേരളം കോഴിക്കോട്, ബിആർസി പന്തലായനി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. വെർച്വൽ ക്ലാസ് റൂം ഒരുക്കിയതോടെ വിദ്യാലയാനുഭവം കിടപ്പിലായ കുട്ടികൾക്ക് സാധ്യമായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ആഘോഷങ്ങളിലും എല്ലാവരേയും ഉൾപ്പെടുത്തുവാനായി ഇത്തരം ഒരു പദ്ധതി ആസൂത്രണം ചെയ്തത്.
100 കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഓണാഘോഷ പരിപാടിയിൽ രുചികരമായ സദ്യയും സംഗീത വിരുന്നും ഓണക്കളികളും കലാപരിപാടികളും ഒരുക്കിയിരുന്നു.സംഗീത സംവിധായകൻ എം എസ് ദിലീപാണ് കുട്ടികൾക്കായി സംഗീത വിരുന്നൊരുക്കിയത്. പ്രദേശവാസികളുടേയും സഹകരണത്തോടെ വളരെ വർണ്ണാഭമായാണ് ഓണോഘോഷം നടന്നത്.
ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു അധ്യക്ഷത വഹിച്ചു . കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ. എ.കെ ഹക്കീം മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് സമ്മാനദാനം നിർവഹിച്ചു. പന്തലായനി ബി പി സി ഉണ്ണികൃഷ്ണൻ സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ സിൽജ ബി നന്ദിയും പറഞ്ഞു.