മഹാരാജാസിലെ മഹാപോരാട്ടം
ഇന്നലെ നടന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ മലപ്പുറം – എറണാകുളം ഫൈനലിന് ദൃക്സാക്ഷിയായ മഹാരാജാസ് കോളേജ് അധ്യാപകൻ
ഡോ. നിസാമുദ്ദീൻ മൽസരം വിലയിരുത്തുന്നു.
പിന്നിട്ടുനിന്ന ശേഷം ആത്മവീര്യത്തോടെ പൊരുതി മലപ്പുറം ജില്ല ജേതാക്കളാവുമ്പോൾ നല്ലൊരു മത്സരം കണ്ട ആവേശം. ഓർക്കപ്പെടേണ്ടത് അതിവേഗം അവസാന സമയങ്ങളിൽ സിനാൻ ജലീൽ എന്ന മലപ്പുറത്തിന്റെ 11 ആം നമ്പർ കളിക്കാരൻ്റെ സാഹസം. വെട്ടിത്തിരിഞ്ഞ് ശരംകണക്കെ എറണാകുളത്തിന്റെ വലയിലേക്ക് അവൻ നിറയൊഴിച്ച രണ്ടുഗോളുകളാണ് മലപ്പുറത്തിന് കിരീടം നൽകിയത്. സിനാൻ ഭാവിയിൽ ഇന്ത്യയുടെ നീലക്കുപ്പായം അണിയുന്ന അതിവേഗക്കാരനാവും, ഉറപ്പ്.
എറണാകുളത്തിന്റെ ടീം സ്പിരിറ്റ് മികച്ചതായിരുന്നു. മെയിൻ ഡിഫൻഡർ ഇന്ത്യയുടെ ഭാവിതാരമാകും, നോക്കിക്കോ. മികച്ച മിഡ്ഫീൽഡറായി തിരഞ്ഞെടുത്ത മലപ്പുറത്തിന്റെ പതിമൂന്നാം നമ്പറുകാരൻ അജ്സൽ കളിയെ ഒന്നടങ്കം നിയന്ത്രിക്കുകയുണ്ടായി. രാജ്യത്തെ പ്രതിനിധീകരിക്കാൻ എന്തുകൊണ്ടും അവനുപറ്റും.
അതോടൊപ്പം എടുത്തുപറയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഒരു സൈലന്റ് കില്ലറെ പോലെ ടീമിനൊപ്പംനിന്ന പരിശീലകൻ. കളിക്കാരുമായി ആക്ഷനുകളിലൂടെയും പ്രത്യേകിച്ചും ഭാഷകളിലൂടെയും കാര്യം നിർവഹിച്ച അരീക്കോട് ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ ചെമ്പകത്ത് ഷാനിൽ എന്ന കോച്ചിന്റെ മികവ് വേറിട്ട് നിൽക്കുന്നു.
പലപ്പോഴും പലകോച്ചുമാരുടെയും ഭാഷകളിലെ അസഭ്യം നമ്മൾ കേട്ടിട്ടുണ്ട്. വളരെ പ്രായം കുറഞ്ഞ കളിക്കാരെയാണ് ഇത്തരത്തിലുള്ള സഭ്യതയില്ലാത്ത പേരുകളും തെറികളും ഇപ്പോഴും കോച്ചുമാർ വിളിക്കുന്നത് എന്ന് കാണുമ്പോൾ സങ്കടം തോന്നാറുണ്ട്. ചില കോച്ചുമാരോട് എങ്കിലും പിഞ്ചുകുട്ടികളായ, ഭാവിയിൽ ഇന്ത്യയെ നയിക്കേണ്ട മക്കളെ ആക്ഷേപിക്കരുത് എന്ന് സൂചിപ്പിക്കുവാൻ ഇത്തവണ ഭാഗ്യം ഉണ്ടായി.
ഫൈനലിലേക്ക് വരാം. സ്നേഹത്തിൽ പൊതിഞ്ഞഭാഷയിൽ ഒരു ഗോളിന് പിന്നിൽ നിന്നപ്പോഴും പ്രധാന കളിക്കാരനെ പേര് വിളിച്ച് ‘അടിക്കാം മുത്തേ നമുക്ക് ‘ എന്ന് അരീക്കോട്ടുകാരനായ കോച്ച് ഷാനിൽ പറയുന്നത് പവലിയനിൽ ഇരുന്ന് കളികാണുകയായിരുന്ന ഞങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞു. ആ കളിക്കാരനാണ് പതിനൊന്നാം നമ്പറുകാരൻ സിനാൻ ജലീൽ. ഉടനടി രണ്ടുഗോളുകളാണ് കണ്ണിമവെട്ടിതുറക്കും മുൻപേ അവൻ എറണാകുളത്തിന്റെ വലയിൽ നിക്ഷേപിച്ചത്.
മത്സരശേഷം ഷാനിലിനെ പ്രത്യേകം കണ്ട് അഭിനന്ദിക്കുവാനും ഭാഗ്യമുണ്ടായി. രണ്ടു കളികളിൽ ഹാട്രിക് നേടിയ പത്താം നമ്പറുകാരൻ അക്ഫൽ പന്തടക്കം കൊണ്ട് ഫൈനലിലും ഒരു ഗോള് നേടി. ഭാവിയിൽ കേരളത്തിന്റെ കുപ്പായവും ഇന്ത്യയുടെ കുപ്പായവും അണിയും എന്ന് അവൻ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഒരു മഹാരാജാസുകാരൻ എന്ന നിലയിൽ ഞങ്ങളുടെ സ്റ്റേഡിയത്തിൽ എന്റെ നാട് ഭാവിയിലെ ഇന്ത്യൻ താരങ്ങളെ വെച്ച് കപ്പടിക്കുന്നത് കൺകുളിർക്കെ കണ്ടുനിൽക്കാൻ ഭാഗ്യം സിദ്ധിച്ചതിൽ അഭിമാനിക്കുന്നു.
സമ്മാനദാന ചടങ്ങിൽ കമന്ററി നിർവഹിച്ച ഷൈജു പറഞ്ഞ ഒരു കാര്യമുണ്ട്. ഫുട്ബോൾ എന്ന് പറഞ്ഞാൽ അതിന്റെ മക്ക മലപ്പുറം തന്നെയെന്ന്. ഒരു ഗോളിന് പിന്നിൽ നിന്നിട്ടും തിരിച്ചടിക്കാനുള്ള ആ സ്പിരിറ്റിനെ എംഎൽഎയും എറണാകുളം ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടുമായ ശ്രീനിജൻ എംഎൽഎയും അഭിനന്ദിക്കുകയുണ്ടായി.
കൂടെ എടുത്തു പറയേണ്ട മറ്റൊരു നേതൃപാടവം മലപ്പുറം ടീമിന്റെ മങ്കട കൂട്ടിൽ സ്വദേശി ഷഹീബ് അലിയെന്ന പ്രതിരോധ ഭടന്റെ മികവ്. എറണാകുളത്തിന്റെ ഗോൾ ഉറപ്പിച്ച രണ്ട് കിക്കുകൾ അവൻ ചാടിവീണ് തടയുകയായിരുന്നു. സിനാൻ രണ്ടു ഗോളുകൾ നേടിയപ്പോൾ ടീമംഗങ്ങളെ മൊത്തം മൈതാനത്തിന്റെ വടക്കുഭാഗത്തേക്ക് വിളിച്ചുവരുത്തി ഗോൾ ക്യാമറയ്ക്ക് മുന്നിൽ ആഘോഷിച്ച അവൻ്റെ സ്പിരിറ്റ് അതിമനോഹരമായിരുന്നു. യാതൊരു സംശയവുമില്ല ഭാവിയിൽ കേരളത്തെയും ഇന്ത്യയെയും നയിക്കാനുള്ള കപ്പാസിറ്റി ഷഹീബലി എന്ന കൊച്ചു മിടുക്കനുണ്ട്.
ദേശീയ ജൂനിയർ ഫുട്ബോളിൽ കപ്പടിക്കാൻ എബിൻ റോസ് പരിശീലിപ്പിക്കുന്ന കേരള ടീമിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
മലപ്പുറം ടീം കോച്ച്: ഷാനിൽ ചെമ്പകത്ത്. മാനേജർ: ഇസ്മായീൽ കാവനൂർ.
കടപ്പാട് : എം.എം.ജാഫർഖാൻ