ചക്കിട്ടപാറ ഇനി സമ്പൂർണ ഇൻഷൂറൻസ് ഗ്രാമം

സമ്പൂർണ ഇൻഷൂറൻസ് ഗ്രാമമായി ചക്കിട്ടപാറ. സുരക്ഷാ ചക്ര പദ്ധതിയിലൂടെ മുഴുവൻ പേർക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തിയാണ് കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇൻഷൂറൻസ് ഗ്രാമപഞ്ചായത്തായി ചക്കിട്ടപാറ ചരിത്രം കുറിച്ചത്. ജില്ലാ കലക്ടർ എഗീത ചക്കിട്ടപാറ പഞ്ചായത്തിനെ സമ്പൂർണ ഇൻഷൂറൻസ് ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കും ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയും സംയുക്തമായാണ് സുരക്ഷാ ചക്ര പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കിയത്. സുരക്ഷാ ചക്ര പദ്ധതിയിലൂടെ പഞ്ചായത്തിലെ 18 വയസിനും 70 വയസിനും ഇടയിലുള്ള മുഴുവൻ പേർക്കും ഏതെങ്കിലും തരത്തിലുള്ള ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

ആദ്യം പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സാമൂഹ്യ സാമ്പത്തിക സർവേ നടത്തി ഒരു ഇൻഷൂറൻസിലും ഭാഗമല്ലാത്ത 1739 പേരെ കണ്ടെത്തി. ഇൻഷൂറൻസ് ഇല്ലാത്തവർക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികളാണ് പിന്നീട് സ്വീകരിച്ചത്. പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജനയിലൂടെയാണ് ഇവർക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാക്കിയത്.

കലക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ അധ്യക്ഷത വഹിച്ചു. ജനറൽ ഇൻഷൂറൻസ് സ്ട്രാറ്റജിസ്റ്റ് ഡോ. ടി രവി ശേഷാദ്രി, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി പ്രതിനിധികളായ ഡോ. ടോമി കെ കല്ലറക്കൽ, ബിജു തോമസ്, ചക്കിട്ടപാറ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രതിനിധികളായ പി.പി രഘുനാഥ്, കെ.കെ നൗഷാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!