സ്വാതന്ത്ര്യ ദിനാഘോഷം: വിദ്യാർത്ഥികൾ സ്മൃതി യാത്ര നടത്തി

കൊയിലാണ്ടി:  രാജ്യത്തിന്റെ 77 ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി മർക്കസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ സ്മൃതി യാത്ര നടത്തി

ഇന്ത്യയുടെ സ്വാതന്ത്ര്യസമര നായകരിൽ പ്രധാനിയായിരുന്ന കെ. കേളപ്പൻ വളർന്ന തറവാട്, പ്രശസ്തമായ കീഴരിയൂർ ബോംബ് കേസ് ചരിത്ര ഭൂമി എന്നീ സ്ഥലങ്ങളാണ് സ്മൃതി യാത്രയുടെ ഭാഗമായി വിദ്യാർത്ഥികൾ സന്ദർശിച്ചത്.

കേളപ്പജിയുടെ ജീവിതവും അവരോടൊപ്പം ഉള്ള അനുഭവങ്ങളും പൗത്രി അമ്മിണി അമ്മ വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി.

സ്വാതന്ത്ര്യ സമരത്തിലെ വലിയ വിപ്ലവം ആകുമായിരുന്ന കീഴരിയൂർ ബോംബ് കേസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വേദിയായ കീഴരിയൂരിലെ കുറുമയിൽ തറവാട്ടിൽ എത്തിയ വിദ്യാർത്ഥികൾക്ക് സന്തോഷ് വിശദമായ വിവരണം നൽകി.

സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി പ്രദേശത്തിനുള്ള പങ്കും പ്രാധാന്യവും മനസ്സിലാക്കുന്നതോടൊപ്പം കൊയിലാണ്ടിയുടെ ധീരനായകരെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിനും യാത്ര ഏറെ സഹായകമായതായി വിദ്യാർഥികൾ അഭിപ്രായപ്പെട്ടു.

സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി സ്കൂൾ മാനേജർ സി. കെ. അബ്ദുനാസർ, സദർ മുഅല്ലിം അബ്ദുൽ കരീം നിസാമി, അധ്യാപികമാരായ മംഗള പ്രമോദ്, മിസ് ഡിൻസി എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.

സ്വാതന്ത്ര്യം വിദ്യാഭ്യാസത്തിലൂടെ എന്ന ശീർഷകത്തിൽ ഊന്നി സ്വാതന്ത്ര്യ ദിനത്തിലെ പ്രത്യേക പരിപാടികളും സ്കൂളിൽ നടക്കും. റിട്ടയേർഡ് ജവാൻ നായിക് എം. അജയ് കുമാർ മുഖ്യാതിഥിയാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!