ഉറവിടമാലിന്യ സംസ്‌കരണത്തിന് റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്തു
കൊയിലാണ്ടി നഗരസഭയിലെ സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും നഗരസഭയുടെ ഘടകസ്ഥാപനങ്ങളായ ഓഫീസുകള്‍ക്കും നഗരസഭയുടെ 2022 -23 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഉറവിട മാലിന്യ സംസ്‌കരണ ഉപാധിയായ റിംഗ് കമ്പോസ്റ്റ് വിതരണം നഗരസഭ ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് കോതമംഗലം ജി എല്‍ പി സ്‌കൂളിന് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി. പ്രജില അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. ഷിജു മാസ്റ്റര്‍, നിജില പറവക്കൊടി, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. റിഷാദ് സ്വാഗതം പറഞ്ഞു.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
ആദ്യം ആധാർ: രണ്ടാം ഘട്ട ക്യാമ്പുകൾ സംഘടിപ്പിച്ചു
ജില്ലയിൽ അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള ‘ആദ്യം ആധാർ’ ആധാർ എൻറോൾമെന്റ് രണ്ടാം ഘട്ട ക്യാമ്പുകൾ സംഘടിപ്പിച്ചു. ജില്ലയിൽ 70 ഓളം കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം മാറ്റിവെച്ച ക്യാമ്പുകളാണ് ജില്ലയിലെ വിവിധ പഞ്ചായത്ത്, വാർഡ് തലങ്ങളിലായി നടന്നത്.
അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ വിവരങ്ങൾ ശേഖരിക്കാനായി ആരംഭിച്ച ആദ്യം ആധാർ ക്യാമ്പയിന് കഴിഞ്ഞ മാസമായിരുന്നു ജില്ലയിൽ തുടക്കം കുറിച്ചത്. ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ഇതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടേയും നേതൃത്വത്തിൽ ആധാർ ക്യാമ്പുകൾ നടന്നു വരുന്നത്.
ജില്ലയിലെ മുഴുവൻ ആളുകൾക്കും ആധാർ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച സമഗ്ര എൻറോൾമെന്റ് പരിപാടിയാണ് ആദ്യം ആധാർ. ഘട്ടം ഘട്ടമായി വിവിധ സാമൂഹ്യ വിഭാഗങ്ങളെ ലക്ഷ്യമാക്കി പൂർത്തിയാക്കുന്ന വിധത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വിപുലമായ ആധാർ എൻറോൾമെൻറ് യജ്ഞമാണിത്. അഞ്ച് വയസ്സ് വരെയുള്ള കുട്ടികളെയാണ് ആദ്യ ഘട്ടത്തിൽ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ മാസം 150ഓളം ക്യാമ്പുകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വാർഡ് തലത്തിൽ ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ എന്നിവർ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനപ്പെടുത്തിയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.
ജനകീയ പങ്കാളിത്തത്തോടെ വാർഡ് കൗൺസിലർമാരുടെ അധ്യക്ഷതയിൽ രൂപീകരിച്ച ക്യാമ്പ് മാനേജ്‌മെന്റ് കമ്മിറ്റികളാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽകിയത്. ഐ.ടി. മിഷൻ, അക്ഷയ കേന്ദ്രങ്ങൾ, പോസ്റ്റൽ വകുപ്പ്, ഐ.പി.ബി.എസ്. എന്നിവരാണ് എൻറോൾമെൻറ് പ്രവർത്തികൾക്കുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഏകോപനം കലക്ടറേറ്റ് മിഷൻ റൂം കേന്ദ്രീകരിച്ച് ജില്ലാ കലക്ടറുടെ ഇന്റേൺസാണ് നിർവഹിക്കുന്നത്. ജില്ലയിലെ ആയിരക്കണക്കിന് കുട്ടികൾക്കാണ് ക്യാമ്പുകളിലൂടെ ആധാർ കാർഡ് ലഭിക്കുക.