സ്വാതന്ത്ര്യദിനത്തിൽ വിപുലമായ പരിപാടികൾ; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പതാക ഉയര്‍ത്തും
ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ ആഗസ്റ്റ് 15ന് രാവിലെ 8.40 മുതല്‍ വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കും. ഒന്‍പത് മണിക്ക് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
പോലീസ്, ഫയര്‍ഫോഴ്സ്, ടീം കേരള യൂത്ത് ഫോഴ്‌സ് ഉള്‍പ്പെടെ 29 പ്ലാറ്റൂണുകളാണ് ജില്ലാതല പരേഡില്‍ പങ്കെടുക്കുക. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കും. മൈതാനത്തേക്ക് അന്നേ ദിവസം എട്ട് മണിക്ക് മുമ്പ് തന്നെ പൊതുജനങ്ങള്‍ പ്രവേശിക്കണം. നാളെ (ആഗസ്റ്റ് 12) ഫൈനല്‍ റിഹേഴ്‌സല്‍ വിക്രം മൈതാനിയില്‍ നടക്കും.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ എ ഗീതയുടെ അധ്യക്ഷതയില്‍ വിലയിരുത്തി. ആഘോഷ പരിപാടികളില്‍ സ്വാതന്ത്ര്യ സമരസേനാനികളും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തില്‍ സബ് കലക്ടര്‍ വി ചെല്‍സാസിനി, എഡിഎം സി മുഹമ്മദ് റഫീഖ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.