ചെറിയ പറമ്പിൽ കോളനിയിൽ ഒരു കോടി രൂപയുടെ അംബേദ്കർ വികസന പദ്ധതി
തുറയൂർ പഞ്ചായത്തിലെ ചെറിയ പറമ്പിൽ കോളനിയിൽ സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കർ ഗ്രാമം പദ്ധതി പ്രഖ്യാപിച്ചു. ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ ശുപാർശ പ്രകാരമാണ് പേരാമ്പ്ര മണ്ഡലത്തിൽ ഉൾപ്പെട്ട കോളനി ഒരു കോടി രൂപയുടെ വികസന പദ്ധതിക്കായി തിരഞ്ഞെടുത്തത്. കോളനിയുടെ സമഗ്ര വികസനത്തിനായി അടിസ്ഥാന പശ്ചാതല വികസനതിന് ഊന്നൽ നൽകി വിവിധ പദ്ധതികൾക്കാണ് പ്രസ്തുത തുക വിനിയോഗിക്കുകയെന്ന് എം.എൽ.എ പറഞ്ഞു. കോളനിക്കുള്ളിലെ വിവിധ റോഡുകൾ, ഫുട്പാത്തുകൾ, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, വീടുകളുടെ പുനരുദ്ധാരണം, ശ്മശാന നവീകരണം തുടങ്ങി വ്യത്യസ്ത പ്രവർത്തികൾ നിർവഹിക്കാനും തീരുമാനിച്ചു.
പ്രഖ്യാപന കൺവെൻഷനിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ് ആമുഖ പ്രഭാഷണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയായിരുന്നു.
ജില്ലാ പട്ടികജാതി വികസന ഓഫീസ് പ്രതിനിധി ജയകൃഷ്ണൻ പദ്ധതി അവതരണം നടത്തി. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന പുതിയോട്ടിൽ, തുറയൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സബിൻ രാജ്, വാർഡ് കൺവീനർമാരായ ഷാജു മാടായി, രമ്യ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജ, ബ്ലോക്ക് എസ് സി ഡി ഒ അബ്ദുൽ അസീസ് എസ് സി പ്രമോട്ടർ രാം ക്രിസ്റ്റീന എന്നിവർ സംസാരിച്ചു.








