അത്തോളി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പന്തലായിനി ബിആർസിയുടെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അത്തോളിയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് മുഖ്യാതിഥിയായി.

സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. കുട്ടികൾക്ക് ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ തങ്ങളുടെ പ്രദേശത്തെ കാലാവസ്ഥയും ദിനാന്തരീക്ഷ സ്ഥിതിയും മനസ്സിലാക്കാൻ സാധ്യമാക്കുക എന്നതാണ് വെതർ സ്റ്റേഷൻ സ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നത്. അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷ ആർദ്രത, കാറ്റിന്റെ ദിശയും വേഗവും, മഴയുടെ അളവ് എന്നീ കാലാവസ്ഥ ഘടകങ്ങളും വിദ്യാർത്ഥികൾക്ക് സ്വയം രേഖപ്പെടുത്താനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കാലാവസ്ഥ പ്രവചന സംവിധാനത്തിലൂടെ പ്രദേശത്തെ കാലാവസ്ഥ കുട്ടികൾക്ക് നിരന്തരം നിരീക്ഷിക്കാനും രേഖപ്പെടുത്താനും സാധിക്കും. പന്തലായനി ബി ആർ സി യുടെ കീഴിൽ രണ്ട് സ്കൂളുകളിലാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.

സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡോ. എ.കെ അബ്ദുൽ ഹക്കീം പദ്ധതി വിശദീകരണം നടത്തി. പന്തലായനി ബിപിസി കെ ഉണ്ണികൃഷ്ണൻ, അത്തോളി ഹൈസ്കൂൾ പ്രധാന അധ്യാപിക സുഹറ പി.പി, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ഫൈസൽ കെ.പി, പിടിഎ പ്രസിഡന്റ് കെ.പി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ വിനീത ലക്ഷ്മി കെ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ സന്ദീപ് എസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!