തച്ചോളി മാണിക്കോത്ത് ക്ഷേത്രം നവീകരണ പ്രവൃത്തികൾ ഉടന്‍ ആരംഭിക്കുമെന്ന് കെ. കെ. രമ എം എല്‍ എ
തച്ചോളി മാണിക്കോത്ത് ക്ഷേത്ര നവീകരണ പ്രവൃത്തികൾ ഉടന്‍ ആരംഭിക്കുമെന്ന് കെ. കെ. രമ എം. എല്‍. എ. വടകര മണ്ഡലത്തില്‍ അനുവദിച്ച സര്‍ക്കാര്‍ പദ്ധതികളും അവയുടെ പ്രവര്‍ത്തനങ്ങളും വിലയിരുത്താനും ഏകോപിപ്പിക്കാനുമായി വിവിധ വകുപ്പുമേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തു. തലശേരി ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായാണ് തച്ചോളി മാണിക്കോത്ത് ക്ഷേത്ര നവീകരണത്തിന് സര്‍ക്കാര്‍ തുക അനുവദിച്ചത്. 2.03 കോടിയുടെ നവീകരണ പ്രവൃത്തിയുടെ സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെണ്ടര്‍ ലഭിച്ചതായി എം.എല്‍.എ പറഞ്ഞു. തച്ചോളി ഒതേനന്റെ കുടുംബ ക്ഷേത്രമെന്ന നിലയില്‍ ഐതിഹ്യ, പാരമ്പര്യങ്ങളാല്‍ പ്രസിദ്ധമാണ് തച്ചോളി മാണിക്കോത്ത് ക്ഷേത്രം. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ വടകരയുടെ പ്രധാന പൈതൃക കേന്ദ്രമായി ഇതുമാറും.
വടകര താഴെ അങ്ങാടിയുടെ നവീകരണ പ്രവൃത്തികള്‍ക്കായി 1.43 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാനും യോഗത്തില്‍ തീരുമാനമായി. തീരദേശ മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ തീരദേശ വകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന റസ്‌ക്യു ടീം അംഗങ്ങളുടെയും, പരീശീലനം ലഭിച്ച മത്സ്യതൊഴിലാളികളുടെയും പ്രത്യേക യോഗം ചേരാന്‍ തീരുമാനിച്ചതായും എം.എല്‍.എ പറഞ്ഞു. ടൂറിസം, തദ്ദേശ സ്വയംഭരണം, ഫിഷറീസ്, കോസ്റ്റല്‍ ഡിപ്പാര്‍ട്ടമെന്റ്, മൈനര്‍ ഇറിഗേഷന്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെ മേധാവികൾ യോഗത്തിൽ പങ്കെടുത്തു.






