പോക്സോ നിയമ ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു

സമഗ്ര ശിക്ഷ കോഴിക്കോടിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്ക് പോക്സോ നിയമ ബോധവത്ക്കരണ ശില്പശാല സംഘടിപ്പിച്ചു. ലൈംഗിക അതിക്രമങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് നിലവിലുള്ള പോക്സോ ഉൾപ്പെടെയുള്ള നിയമങ്ങളെ കുറിച്ചും അവയുടെ നിർവഹണത്തെക്കുറിച്ചും സമൂഹത്തെയും കുട്ടികളെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ 15 ബിആർസികളിലായാണ് 600 ഓളം ഹയർ സെക്കൻഡറി – വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപകർക്ക് പരിശീലനം നൽകിയത്.

ബാലപീഡനത്തിനെതിരെ ജാഗ്രത പുലർത്താനുള്ള ഹൈക്കോടതി നിർദേശമനുസരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ പരിശീലന പരിപാടികൾ ആവിഷ്കരിച്ചിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ഡി.എൽ.എസ്.എ സെക്രട്ടറിയും സബ് ജഡ്ജിയുമായ എം.പി. ഷൈജൽ, വി.എച്ച് എസ്.സി അഡീഷണൽ ഡയറക്ടർ അപർണ വി.ആർ, എസ്.എസ്.കെ. ജില്ലാ കോർഡിനേറ്റർ ഡോ.എ.കെ.അബ്ദുൽ ഹക്കീം എന്നിവർ വിവിധ ബിആർസികളിലായി ശില്പശാലകൾ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനതല പരിശീലകർക്കൊപ്പം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ട്രെയിനർമാരും പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ഹയർ സെക്കൻഡറി – വൊക്കഷനൽ ഹയർ സെക്കൻഡറി കുട്ടികൾക്കും പോക്സോ പരിശീലനം ഉറപ്പുവരുത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!