ഉമ്മൻ ചാണ്ടിയെക്കുറിച്ച് കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതുന്നു…

ഉമ്മൻ ചാണ്ടിയുടെ പടം കാണുമ്പോഴൊക്കെ സുശീലേടത്തിയെയാണ് ഓർമ്മവരിക. എഴുത്തുകാരിയും സജീവഇടതുപക്ഷ സാംസ്ക്കാരികപ്രവർത്തകയുമാണ് സുശീലേടത്തി. അവരുടെ സ്നേഹനിധിയായ ഭർത്താവ് പെട്ടെന്ന് ഒരു ദിവസം മരിച്ചു പോയി. മക്കൾക്ക് ജോലിയോ വരുമാനമോ ഇല്ലാത്ത കാലം. ഇതിനിടയിൽ ഇളയ മോന് കുറേ നാളായി കേൾവിയില്ലാത്തപ്രശ്നമുണ്ട്. ചികിത്സ കിട്ടാതെ നൂറു ശതമാനം കേൾവിശക്തിയും നഷ്ടപ്പെട്ടിരിക്കുന്നു. ചെറുതല്ലാത്ത ഒരു ഓപ്പറേഷൻ അനിവാര്യമാണ്. coleyar Implant നു വേണ്ടിയുള്ള ആ ഓപ്പറേഷനോടെ കുട്ടിയുടെ കേൾവിപ്രശ്നം പരിഹരിക്കുമെന്ന് ഡോക്ടർമാർ ഉറപ്പ് കൊടുത്തെങ്കിലും പണം തികയാതെ ഓപ്പറേഷൻ നീണ്ടു നീണ്ടു പോവുകയാണ്. സീറോ ശതമാനമാണ് കേൾവി എന്നോർക്കണം. ഈവൈകിയ വേളയിലെങ്കിലും ചെയ്തില്ലെങ്കിൽ കുട്ടി യുടെ മാനസിക ജീവിതത്തെത്തന്നെ ഗുരുതരമായി ബാധിക്കും. പക്ഷേ, മുഴുവൻ പണമില്ല. അങ്ങനെയിരിക്കേ, ആരോ അവരോട് പറഞ്ഞു : പ്രതിപക്ഷ നേതാവ് ഉമ്മൻ ചാണ്ടിയെ ഒന്ന് വിളിച്ചു നോക്കൂ. ജീവിതത്തിൽ നേരിട്ട് കാണാത്ത . വെറും വീട്ടമ്മയായ അവർ ഫോണിൽ വിളിച്ചതും അദ്ദേഹം നേരിട്ട് ഫോണെടുത്തു. സങ്കടം കലർന്ന സ്വരത്തിൽ സുശീലേടത്തി കാര്യം പറയുന്നു. ഉടൻ അദ്ദേഹം തിരിച്ച് ചോദിക്കുന്നു: ഓപ്പറേഷന് ഇനിയെത്ര പണം വേണ്ടി വരും?. രണ്ടു ലക്ഷം രൂപ – -നിസ്സഹായയായി സുശീലേടത്തി പറയുന്നു. യാതൊരു പ്രതീക്ഷയുമില്ല. ഒരു സെക്കന്റ് വൈകിയില്ല. അദ്ദേഹം പറഞ്ഞു, അത് നമുക്ക് ശരിയാക്കാം. നിങ്ങൾ കണ്ണൂരല്ലേ, കോഴിക്കോട് മിംസിൽ ഞാൻ ഇന്നു തന്നെ ഏർപ്പാടാക്കാം. പോയ്ക്കോളൂ. ഞാൻ കുറച്ചു ദിവസം ഇവിടെ ഉണ്ടാവില്ല. അമേരിക്കയിലാവും. അതൊന്നും സാരമില്ല. ധൈര്യമായി പോയി ഞാൻ പറഞ്ഞ ആളെ കണ്ടിട്ട് വേണ്ടത് ചെയ്തോളൂ.
ഇതും പറഞ്ഞ് അങ്ങേയറ്റത്ത് നിന്ന് ധൃതിയിൽ ഫോൺ കട്ടാവുന്നു.

സുശീലേടത്തി കുറേ നേരം തരിച്ചിരുന്നു. ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു മനുഷ്യൻ.. താൻ ആരെന്നോ എന്തെന്നോ ഏത് പാർട്ടിക്കാരിയാ ണെന്നോ തരക്കാരിയെന്നോ അറിയാത്ത , അന്വേഷിക്കാത്ത ഒരാൾ.
മിംമ്സിൽ നിന്ന് ഓപ്പറേഷൻ നടന്നതിന്റെ പിറ്റേന്ന് ഹോസ്പിറ്റലിലേക്ക് സുശീലേടത്തിയെ തേടി ഒരു ഫോൺ എത്തുന്നു. അത് അമേരിക്കയിൽ നിന്ന് ഉമ്മൻ ചാണ്ടിയായിരുന്നു ! മകന്റെ സുഖവിവരങ്ങൾ അറിയാൻ ഓർത്ത് വിളിച്ചിരിക്കുകയാണ്.
വൻകരകളുടെ അറ്റത്ത്നിന്ന് !. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കുട്ടിയ്ക്ക് വേണ്ടിയാണ് വിളിയെന്നോർക്കണം.

ഓപ്പറേഷൻ വൻ വിജയമായിരുന്നു.
സുശീലേടത്തി ഒരു കാര്യം പ്രത്യേകം ഓർത്തെടുത്ത് ചെയ്തു. കേൾവിശക്തി തിരിച്ച് കിട്ടിയപ്പോൾ ആദ്യമായി ഫോണിൽ വിളിച്ച് മകനെക്കൊണ്ട് സംസാരിപ്പിച്ചു. അവൻ ആദ്യമായി കേട്ട ശബ്ദം ഉമ്മൻ ചാണ്ടിയുടെതായിരുന്നു !

പിന്നീട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി കണ്ണൂരിൽ വന്നപ്പോൾ ആ തിരക്കിലും മകന്റെ കൈയും പിടിപ്പ് ഉമ്മൻ ചാണ്ടിയുടെ അടുത്ത് പോയി കണ്ടു. സന്തോഷമായില്ലേ?- അദ്ദേഹം ചിരിച്ച് കൊണ്ട് ചോദിച്ചപ്പോൾ സുശീലേടത്തി ഒരാഗ്രഹം കൂടി പറഞ്ഞു: എത്രയോ കുട്ടികൾ ഇങ്ങനെയുണ്ട് സാറേ. ഒരു പരിഹാരം സാറിന്റെ സർക്കാരിന് ചെയ്തു കൂടെ? ഒരു നിമിഷത്തെ ആലോചന. ഉടൻ മറുപടി വരുന്നു:. അത് ചെയ്യാമല്ലോ. ചെയ്യേണ്ടതാണ്.
അങ്ങനെയാണ് നൂറ് ശതമാനം കേൾവിയില്ലാതെ പോയ കുട്ടികൾക്ക് വേണ്ടിയുള്ള നിലവിലെ ആ പദ്ധതി സജീവമായി.

എല്ലാം കേൾക്കുന്നത് പോലെ അഭിനയിക്കുകയും ഹൃദയത്തിന്റെ ചെവി കൊട്ടിയടക്കുകയും വാഗ്ദാനത്തിന്റെ പെരുമഴ ചൊരിയുകയും ചെയ്ത് സാധാരണക്കാരിൽ നിന്ന് അറപ്പോടെ ഓടി രക്ഷപ്പെടാൻ വഴിയന്വേഷിക്കുകയും ചെയ്യുന്ന നേതാക്കൾക്ക് ഏത് പാർട്ടിയിലും പഞ്ഞമില്ലാത്ത ഇക്കാലത്ത് തീർച്ചയായും അവിശ്വസനീയമാം വിധം വലിയൊരു തണൽ മരമാണ് അദ്ദേഹം. നിസ്സഹായമായ ഏത് മനുഷ്യ ദുരിതത്തിന്റെ വെയിലിലേക്കും കൈ നീളുന്ന ആ മഹാവൃക്ഷം ഇനിയില്ല. ദയാവായ്പിന്റെ മഹാപർവ്വതത്തിന്റെ ഓരം ചേർന്നു നടന്നു പോയ ആ ജീവിതം പേറിയ അപമാനത്തിന്റെ കുരിശുകൾ മാത്രം സങ്കടത്തോടെ ഭൂമിയിൽ ദ്രവിച്ചുനിൽക്കുന്നു. മഹാത്മാവേ, ദൂരേനിന്ന് കണ്ട ബന്ധമേയുള്ളു. സുശീലേടത്തി പറഞ്ഞ അറിവേയുള്ളൂ എങ്കിലും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഹൃദയത്തിന്റെ ഭാഷയിൽ ആദരവിന്റെ ആയിരം പൂക്കൾ!
ജീവിച്ചിരിക്കുമ്പോൾ തരാൻ മറന്നു പോയ ഈ പൂക്കൾ ഭാഗ്യവശാൽ, സുശീലേടത്തിയുടെ ജീവിത കഥ ഹൃദയത്തിൽ കൊത്തിവെച്ചത് പോലെ കുടി കൊള്ളുന്നതിനാൽ അത് വാടിപ്പോയിട്ടില്ല, സുഗന്ധം കുറഞ്ഞിട്ടില്ല എന്നു മാത്രം ഒരല്പം ആശ്വാസം കൊള്ളട്ടെ!

കടപ്പാട്: കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!