ഹോമിയോപ്പതി വകുപ്പിൽ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി വീണാ ജോർജ്
ഹോമിയോപ്പതി വകുപ്പിൽ ഗവേഷണം ശക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ഉത്തരവാദിത്തം ഹോമിയോപ്പതി വകുപ്പ് ഏറ്റെടുക്കണം. ഹോമിയോപ്പതി പ്രതിരോധ മരുന്നുകളുടെ ഫലസിദ്ധിയെക്കുറിച്ച് ഗവേഷണം നടത്തുന്നതിന്റെ ഭാഗമായി ‘ഹോമിയോപ്പതി എവിഡൻസ് ബേസ്ഡ് അഡ്വാൻസ്ഡ് റിസർച്ച് ആൻഡ് ട്രെയിനിങ്‘ (HEART) പദ്ധതി നടപ്പിലാക്കി വരുന്നു. ഗവേഷണ പഠനവുമായി ബന്ധപ്പെട്ട് ഹോമിയോപ്പതി വകുപ്പ് ആദ്യമായി ഹോമിയോപ്പതിയിലെ സെൻട്രൽ കൗൺസിൽ ഓഫ് റിസർച്ചുമായി കരാറിൽ ഒപ്പിട്ടതായും മന്ത്രി വ്യക്തമാക്കി.
സുവർണ ജൂബിലിയോടനുബന്ധിച്ച് സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഷീ ക്യാമ്പയിൻ ഫോർ വിമൻ, ഹോമിയോപ്പതി നാഷണൽ എക്സ്പോ, അന്താരാഷ്ട്ര സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും എകാരോഗ്യ സങ്കല്പത്തിൽ അധിഷ്ഠിതമായ ബോധവത്കരണവും ലക്ഷ്യമാക്കി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഹോമിയോപ്പതി ക്യാമ്പുകൾ സംഘടിപ്പിക്കുകയും ആവശ്യമായ ആളുകൾക്ക് ചികിത്സയും, തുടർ ചികിത്സയും ഉറപ്പാക്കുകയും, ആരോഗ്യ നിർദേശങ്ങൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഷീ ക്യാമ്പയിൻ ഫോർ വിമൻ കൊണ്ട് ലക്ഷ്യമിടുന്നത്.
ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഹോമിയോപ്പതി, നാച്യുറോപ്പതി, യോഗ തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളെ സംയോജിപ്പിച്ചു കൊണ്ട് ‘ആയുഷ്മാൻ ഭവ‘, സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യ പരിപാലനം എന്നിവ ലക്ഷ്യമാക്കി ‘സീതാലയം‘, വന്ധ്യതാ നിവാരണ പദ്ധതിയായ ‘ജനനി‘, കൗമാരക്കാരായ കുട്ടികളുടെ ആരോഗ്യപരിപാലനം, പെരുമാറ്റ വ്യക്തിത്വ വൈകല്യങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി ‘സദ്ഗമയ‘, ലഹരി വിമുക്ത ചികിത്സാ പദ്ധതിയായ ‘പുനർജനി‘, ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം, കുട്ടനാട്, ഹരിപ്പാട് എന്നിവിടങ്ങളിൽ ഫ്ളോട്ടിങ് ഡിസ്പെൻസറി, ഇടുക്കി, വയനാട് ജില്ലകളിലെ ദുർഘട മേഖലകളിൽ അധിവസിക്കുന്നവർക്കായി മൊബൈൽ ഹോമിയോ ക്ലിനിക്കുകൾ തുടങ്ങിയ നിരവധി ജനോപകാരപ്രദമായ പദ്ധതികൾ വകുപ്പ് നടത്തി വരുന്നതായും മന്ത്രി വ്യക്തമാക്കി.


