അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഇന്ത്യയില്‍ എത്തി
അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഇന്ത്യയില്‍ എത്തി, കൊല്‍ക്കത്തയില്‍ എത്തിയ താരത്തിന് വന്‍ സ്വീകരണം ആണ് ലഭിച്ചത്. ‘ഞാന്‍ ശരിക്കും ആവേശത്തിലാണ്, വലിയ സന്തോഷം തോന്നുന്നു. ഇന്ത്യയിലേക്ക് വരുന്നത് സ്വപ്നമായിരുന്നു. ഇന്ത്യയിലേക്ക് വരുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു, ഇവിടെയെത്തിയതില്‍ സന്തോഷമുണ്ട്, ”മാര്‍ട്ടിനസ് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൊല്‍ക്കത്തയില്‍ ഒരു പ്രമോഷണല്‍ ഇവന്റിനായാണ് എമി വന്നത്. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ പെലെയെയും ഡീഗോ മറഡോണയെയും കൊല്‍ക്കത്തയിലേക്ക് കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സത്രദു ദത്ത ആണ് എമിയുടെ വരവിന്റെയും പിറകില്‍.
1970-കളില്‍ പെലെയും 2008-ല്‍ മറഡോണയും കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. ദുംഗ, കഫു, ലോതര്‍ മത്തൗസ് എന്നിവരും മുമ്പ് കൊല്‍ക്കത്ത സന്ദര്‍ശിച്ചിട്ടുണ്ട്. ഖത്തറില്‍ നടന്ന ലോകകപ്പില്‍ എമി മാര്‍ട്ടിനസ് ആയിരുന്നു പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയുടെ ഹീറോ ആയത്. ഗോള്‍ഡന്‍ ഗ്ലോവും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലക്കായി കളിക്കുകയാണ് എമി.
എമി മാര്‍ട്ടിനസ് അടുത്ത ദിവസങ്ങളില്‍ ചില ചടങ്ങുകളില്‍ പങ്കെടുക്കും. താരം ആരാധകരുമായും സംവദിക്കും.