നിയമസഭാ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കര്‍ശനമായി പാലിക്കണം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ തുടക്കം മുതല്‍ വോട്ടെണ്ണല്‍ വരെ എല്ലാ പ്രചാരണ പരിപാടികളിലും ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നിര്‍ദേശിച്ചു. ഹരിതചട്ടവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
ഹരിതചട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് പ്രചാരണത്തിന് ഉപയോഗിക്കുന്നത് തടയാനും നിയമനടപടികള്‍ സ്വീകരിക്കാനുമായി ജില്ലാതലത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും. തിരഞ്ഞെടുപ്പ് ദിവസം പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും വിതരണം ചെയ്യുക. എല്ലാ ബൂത്തുകളും ഹരിത ബൂത്തുകളാക്കി മാറ്റും. വോട്ടെടുപ്പിന് ശേഷം മാലിന്യം ഹരിതകര്‍മസേന മുഖേന കേരള കമ്പനിക്ക് കൈമാറണം. ആവശ്യമായ സ്ഥലങ്ങളില്‍ മാലിന്യം തരംതിരിക്കാന്‍ മതിയായ ബിന്നുകള്‍ ഒരുക്കും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്ന ഐ.ഡി കാര്‍ഡ്, പേന തുടങ്ങിയ വസ്തുക്കള്‍ പ്രകൃതി സൗഹൃദമായിരിക്കും. എല്ലാ ബൂത്തുകളിലും ഹരിത കര്‍മസേന ഉണ്ടായിരിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തിനകം ബൂത്തുകള്‍ പൂര്‍ണമായും വൃത്തിയാക്കും.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ എസ് മോഹനപ്രിയ, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ കെ എസ് സുബിന്, എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ശുചിത്വ മിഷന് കോഓഡിനേറ്റര്‍ ഇ ടി രാകേഷ്,നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









