നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി

കോഴിക്കോട്: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി. ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളുടെ പൊതുനിരീക്ഷകന്‍ ജിതേന്ദ്ര ഗുപ്തയുടെയും എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, സൗത്ത് മണ്ഡലങ്ങളുടെ പൊതുനിരീക്ഷക അപ്നീത് റിയത്തിന്റെയും സാന്നിധ്യത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ട റാന്ഡമൈസേഷന് നടത്തിയത്. പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍ എന്നിവരെ നിശ്ചയിക്കുന്ന റാന്‍ഡമൈസേഷനാണ് നടന്നത്. മൈക്രോ ഒബ്സര്‍വര്‍മാരുടെ റാന്‍ഡമൈസേഷനും നടന്നു.
ഓരോരുത്തരുടെയും ചുമതല നിര്‍ണയിക്കുന്ന ആദ്യ റാന്‍ഡമൈസേഷനില്‍ 26,074 ജീവനക്കാരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇ-പോസ്റ്റിങ് സോഫ്റ്റ്വെയര് മുഖേന 15,888 പേരെ തിരഞ്ഞെടുത്തു. ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് ഓര്‍ഡര്‍ സോഫ്റ്റ്വെയറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 24 മുതല്‍ 29 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം സി മുഹമ്മദ് റഫീഖ്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ കെ എസ് സുബിന്, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.









