നിയമസഭ തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകരുടെയും ചെലവ് നിരീക്ഷകരുടെ യോഗം ചേര്‍ന്നു

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രധാനപ്പെട്ട പ്രശ്നബാധിത മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങളും ലഹരി വിരുദ്ധ നിരീക്ഷണങ്ങളും സംബന്ധിച്ച് പൊതു നിരീക്ഷകരുടെയും ചെലവ് നിരീക്ഷകരുടെ യോഗം ചേര്‍ന്നു. ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ യോഗം അവലോകനം ചെയ്തു.
ജില്ലയിലെ പ്രധാന പ്രശ്നബാധിത പ്രദേശങ്ങളിലെ നിലവിലെ സുരക്ഷാ ക്രമീകരണങ്ങള്‍ യോഗം വിലിരുത്തി. മേഖലകളില്‍ പോലീസ് പരിശോധനകള്‍ ശക്തമാക്കാന്‍ നിരീക്ഷകര്‍ ജില്ല പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്കി. ലഹരി പദാര്‍ത്ഥങ്ങള്‍ വാഹനങ്ങളില്‍ കടത്തുന്നത് തടയാന്‍ പരിശോധന ശക്തമാക്കാനും ലഹരി വസ്തുക്കളുടെ വിതരണ സാധ്യതയുള്ള മേഖലകളില്‍ നിരീക്ഷണം ശക്തമാക്കാനും പോലീസിന് നിര്‍ദേശം നല്കി. സംസ്ഥാന-ജില്ല അതിര്‍ത്തികളിലെ നിരീക്ഷണവും പോലീസ് വിന്യാസവും യോഗം അവലോകനം ചെയ്തു.
പൊതുനിരീക്ഷക അപ്നീത് റിയെത്, പൊലീസ് നിരീക്ഷകന് യമുന പ്രസാദ്, ചെലവ് നിരീക്ഷകരായ കസ്ലു സദാനന്ദ് റാം റാവു, ദീപക് ആനന്ദ്, പുഷ്കര്‍ കുമാര്‍, സിറ്റി പോലീസ് കമീഷണര്‍ മെറിന് ജോസഫ്, റൂറല്‍ എസ്.പി ടി ഫറാഷ്, എ.ഡി.എം സി മുഹമ്മദ് റഫീഖ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ കെ എസ് സുപിന് എന്നിവര്‍ പങ്കെടുത്തു.

50,000 രൂപയ്ക്ക് മുകളില്‍ കൈവശം വെച്ച് യാത്ര ചെയ്യുമ്പോള്‍ രേഖ വേണം- ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനകളുടെ ഭാഗമായി, മതിയായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളില്‍ കൈവശം വച്ച് യാത്ര ചെയ്താല്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, ഫ്ളൈയിംഗ് സ്ക്വാഡ് എന്നിവര്‍ തുക പിടിച്ചെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം ഇരു ടീമുകളും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ജില്ലയില്‍ ഇതുവരെ പിടിച്ചെടുത്തത് രണ്ട് ലക്ഷം രൂപയാണ്. എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് ഇത് പിടിച്ചെടുത്തത്.
മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍, നിയമാനുസൃതമല്ലാത്ത രീതിയിലുള്ള മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. പണം പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്പീല്‍ കമ്മിറ്റി മുമ്പാകെ അപ്പീല്‍ ഫയല്‍ ചെയ്യാം. തിരഞ്ഞെടുപ്പ് ചെലവ് നോഡല്‍ ഓഫീസറായ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജന് കണ്‍വീനറായും ജില്ല ട്രഷറി ഓഫീസര്‍, ജില്ല ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ല പഞ്ചാത്ത് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായുമുള്ള കമ്മിറ്റിയാണ് അപ്പീലുകള്‍ പരിശോധിക്കുക.









