നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സ്നേഹിൽ കുമാർ സിങ്ങിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണം നീതിയുക്തമാക്കാന്‍ ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തി നടപടി സ്വീകരിക്കും. 40 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാവുന്ന തുക. സ്ഥാനാർഥികൾ ഇതിൽ കൂടുതല്‍ ചെലവിടുന്നത് അയോഗ്യതക്ക് കാരണമാകും. പ്രചാരണങ്ങൾക്ക് ആരാധനാലയങ്ങൾ ഉപയോഗിക്കരുത്. മാതൃകാ പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നും കലക്ടർ പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലികള്‍, പൊതുയോഗങ്ങള്‍, റോഡ് ഷോകള്‍ തുടങ്ങിയവ നടത്തുന്നതിനും ഉച്ചഭാഷിണി, വാഹനങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതിനും മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതിക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകജാലക പോര്‍ട്ടലായ സുവിധ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 85 വയസ് പൂർത്തിയായ വയോധികർക്കും 40 ശതമാനത്തിലധികം ശാരീരിക വൈകല്യം ഉള്ളവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള അവസരമുണ്ട്. ഇതിനുള്ള അപേക്ഷകൾ ആർഒ ഓഫീസിൽ എത്തിക്കാൻ സൗകര്യം ഒരുക്കണമെന്നും കളക്ടർ അറിയിച്ചു.

ജില്ലാ കളക്ടറുടെ ചേംബറില്‍ ചേർന്ന യോഗത്തില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ.പി മനോജന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!