പ്രതിഷേധ ഉദ്ഘാടനം, കോഴിക്കോട് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യേണ്ട ഹെൽത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ബിജെപിയുടെ പ്രതിഷേധ ഉദ്ഘാടനം. കോഴിക്കോട് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യേണ്ട ഹെൽത്ത് ലാബ് ബിജെപി ഉദ്ഘാടനം ചെയ്തു. ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രതിഷേധ റോഡ് ഷോയ്ക്ക് മറുപടിയായാണ് ബിജെപിയുടെ ഉദ്ഘാടനം.
ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കെ പി പ്രകാശ് ബാബുവാണ് ഹെൽത്ത് ലാബ് ഉദ്ഘാടനം ചെയ്തത്. പൂർണ്ണമായും കേന്ദ്രസർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഹെൽത്ത് സെന്റർ നിർമിച്ചിരിക്കുന്നതെന്നും സമാന്തര ഉദ്ഘാടനം മുഹമ്മദ് റിയാസിന്റെ കുത്തകയല്ലെന്നും പ്രകാശ് ബാബു പറഞ്ഞു.
കോഴിക്കോട് ടൗണിൽ കേന്ദ്ര ഗവണ്മെന്റിന്റെ രണ്ട് കോടി പതിനേഴു ലക്ഷത്തി നാൽപതിനായിരം രൂപ ചിലവഴിച്ചു നിർമിച്ച വെക്ടർ യൂണിറ്റിന്റെ ഉദ്ഘാടനത്തിന് കേന്ദ്ര മന്ത്രിയെ ക്ഷണിച്ചിരുന്നില്ല. ഇതിലുളള പ്രതിഷേധം കൂടിയായിരുന്നു സമാന്തര ഉദ്ഘാടനമെന്നും പ്രകാശ് ബാബു പറഞ്ഞു.









