കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. പഴയ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നുവീണത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് സ്ലാബിനടിയിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിച്ചത്. എന്നാൽ രണ്ട് തൊഴിലാളികളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
കിനാശ്ശേരി സ്വദേശി ജബ്ബാർ, അത്തോളി സ്വദേശി അഷ്റഫ് എന്നീ തൊഴിലാളികളാണ് മരിച്ചത്. ഇരുവരും ഗാമ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൽ ജോലിചെയ്യുന്നവരാണ്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. 70 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം പൊളിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ പൊളിച്ചുമാറ്റൽ നടന്നിരുന്നില്ല. പലചരക്ക് ഗോഡൗൺ അടക്കം ഇവിടെ പ്രവർത്തിച്ചുവരികയായിരുന്നു
കോർപ്പറേഷൻ കെട്ടിടമാണ് അപകടത്തിൽപെട്ടത്. നിരവധി തൊഴിലാളികൾ വിശ്രമിക്കാനായി എത്തുന്ന കെട്ടിടം കൂടിയാണിത്. അപകടസമയത്ത് അഞ്ച് തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത് എന്നാണ് വിവരം.









