ഉരുവിലൂടെയും ബഷീറിലൂടെയും  കോഴിക്കോടിനെ അറിഞ്ഞ് വിദേശ സംഘം

കോഴിക്കോട്: കേരള ടൂറിസം വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ആയുര്‍വേദ വെല്‍നസ് കോണ്‍ക്ലേവിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള സഞ്ചാരികള്‍ കോഴിക്കോട്ടെ വിസ്മയക്കാഴ്ചകള്‍ നേരിട്ടറിഞ്ഞു. 34 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പ്രതിനിധികളാണ് കോഴിക്കോടിന്റെ പാരമ്പര്യവും ചരിത്രവും തേടിയെത്തിയത്. ബേപ്പൂരിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം ‘ആകാശമിഠായി’യും ഉരു നിര്‍മാണശാലയും സംഘം സന്ദര്‍ശിച്ചു.

ബഷീര്‍ കഥകളും, ചിന്തകളും ആകാശമിഠായിയുടെ പ്രസക്തിയും ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍ പങ്കുവെച്ചു. ബേപ്പൂര്‍ ബിസി റോഡിന് സമീപം ബഷീര്‍ സ്മാരകത്തിന് പിന്‍വശം ചാലിയാര്‍ തീരത്ത് കക്കാടത്ത് ഉരു നിര്‍മാണശാല സന്ദര്‍ശിച്ച സംഘത്തിന് തച്ചന്‍മാരുടെ മനക്കണക്കും കോഴിക്കോട്ടെ ഖലാസികളുടെ മെയ്ക്കരുത്തും ഒത്തുചേരുന്ന ഉരു നിര്‍മാണ രീതിയും ഉരുവിലൂടെ വന്നുചേര്‍ന്ന വിദേശവ്യാപാര ബന്ധങ്ങളും വിശദീകരിച്ചു നല്‍കി. ഖത്തറിലേക്ക് അയക്കാനുള്ള ഉരുവാണ് നിലവില്‍ ഇവിടെ പണിയുന്നതെന്ന് നിര്‍മാണശാല ഉടമ എടത്തൊടി ജിഷ്ണു പറഞ്ഞു. കോഴിക്കോടിന്റെ ആതിഥ്യമര്യാദയും കലയും സംസ്‌കാരവും ലോകോത്തരമാണെന്ന് ഫ്രാന്‍സില്‍ നിന്നെത്തിയ സോഫിയ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സ്‌നേഹത്തോടെയുള്ള പെരുമാറ്റവും ഊഷ്മളതയും തന്നെ അത്ഭുതപ്പെടുത്തിയെന്ന് റഷ്യന്‍ സ്വദേശി കാരലീന്‍ പറഞ്ഞു.

റഷ്യ, ജര്‍മനി, ഫ്രാന്‍സ്, യുഎസ്, യുകെ, സ്ലൊവാക്യ, ലെബനന്‍, ഇറ്റലി, കസാക്കിസ്ഥാന്‍, സൗദി അറേബ്യ, ബള്‍ഗേറിയ, ഇസ്രായേല്‍, അര്‍മേനിയ, ജോര്‍ദാന്‍, തുര്‍ക്കി, പോളണ്ട്, പോര്‍ച്ചുഗല്‍, ദക്ഷിണ കൊറിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പ്രധാനമായും സംഘത്തിലുണ്ടായിരുന്നത്. ബേപ്പൂര്‍ ഡെവലപ്‌മെന്റ് മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി രാധാഗോപി, ടുറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ടി നിഖില്‍ദാസ്, സ്റ്റോറിടെല്ലര്‍ രജീഷ് രാഘവന്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കാളികളായി.

കേരളത്തിന്റെ വെല്‍നസ് ടൂറിസം സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ദ്വിദിന അന്താരാഷ്ട്ര ആയുര്‍വേദ വെല്‍നസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. കോഴിക്കോടന്‍ വിഭവങ്ങള്‍ ആസ്വദിച്ചും കലാരൂപങ്ങള്‍ കണ്ടും സംഘം വയനാട്ടിലേക്ക് തിരിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!