കേരളത്തിലെ കുട്ടികളുടെ ഭാവി കുറ്റമറ്റതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം – മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ കുട്ടികളുടെ ഭാവി കുറ്റമറ്റതാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൊയിലാണ്ടി കോതമംഗലം ഗവ. എൽ പി സ്കൂളിലെ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ പഠനാന്തരീക്ഷം ഒരുക്കുന്ന പദ്ധതികളാണ് സർക്കാർ സമഗ്ര ശിക്ഷാ കേരളം പദ്ധതിയിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മാതൃകാ പ്രീ പ്രൈമറി സ്കൂൾ പരിപാടിയിലൂടെ കഴിഞ്ഞ വർഷം മുതൽ സംസ്ഥാനത്തെ 2200 പ്രൈമറി സ്കൂളുകളിൽ അന്താരാഷ്ട്ര നിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കുവാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു ചരിത്ര സംഭവമാണ്.

കുട്ടികളുടെ സർവ്വോന്മുഖ വികാസത്തിന് സഹായിക്കുന്ന 13 പ്രവർത്തന ഇടങ്ങളാണ് ഓരോ സ്കൂളിലും സജ്ജീകരിച്ചിട്ടുള്ളത്. കാനത്തിൽ ജമീല എംഎൽഎയുടെ അഭ്യർത്ഥനപ്രകാരം സ്കൂളിന് രണ്ട് ക്ലാസ് മുറികൾ കൂടി അനുവദിച്ചതായും മന്ത്രി അറിയിച്ചു.

കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത് കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു, നഗരസഭ കൗൺസർമാരായ ദൃശ്യ എം, ഷീന ടി കെ, ഡി പി എസ് എസ് കെ യമുന എസ്, വടകര ഡി ഇ ഒ ഹെലൻ ഹൈസന്റ്, കൊയിലാണ്ടി എ ഇ ഒ ഗിരീഷ് കുമാർ എ പി, കൊയിലാണ്ടി ബി പി സി കെ ഉണ്ണികൃഷ്ണൻ, മുൻ എം എൽ എമാരായ കെ ദാസൻ, പി വിശ്വൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പി ടി എ പ്രസിഡന്റ് പി എം ബിജു, എസ് എം സി ചെയർമാൻ അനിൽകുമാർ, ചെയർപേഴ്സൺ ഷിംന കെ കെ തുടങ്ങിയവർ സംബന്ധിച്ചു. പ്രധാനാധ്യാപകൻ പ്രമോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റീന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!