ക്ഷേമഭവനങ്ങളിലെ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് ഡ്രീംസ് പദ്ധതി

വെള്ളിമാടുകുന്ന് ജെന്‍ഡര്‍ പാര്‍ക്ക് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമഭവനങ്ങളിലെ വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് ഡ്രീംസ് പദ്ധതി. ജില്ലാ ഭരണകൂടം വിവിധ കോളേജുകളുടെ സഹകരണത്തോടെ നടത്തുന്ന ഹാപ്പി ഹില്‍ പദ്ധതിയുടെ ഭാഗമായ ‘ഡ്രീംസ്’ പദ്ധതി ജെന്‍ഡര്‍ പാര്‍ക്കില്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ (ഇന്‍ ചാര്‍ജ്) ഡോ. എ കെ ലിന്‍സി അധ്യക്ഷയായി.
വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍ ഹോം ഫോര്‍ ഗേള്‍സ്, ചില്‍ഡ്രന്‍ ഹോം ഫോര്‍ ബോയ്‌സ്, ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ ഗേള്‍സ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം പ്രായോഗിക അനുഭവ പഠന ശൈലിയിലുള്ള വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നതാണ് പദ്ധതിയാണ് ഡ്രീംസ്.
ജില്ലാ ഭരണകൂടം, ജില്ലാ വനിത ശിശു വികസന വകുപ്പ്, എന്‍ഐടി കാലിക്കറ്റ്, റീജിയണല്‍ സയന്‍സ് സെന്റര്‍ ആന്‍ഡ് പ്ലാനറ്റോറിയം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആഴ്ചതോറും ശാസ്ത്രാഭിരുചി, ഉന്നത പഠനം, കരിയര്‍, സാങ്കേതിക വികാസം തുടങ്ങിയ മേഖലകള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ശില്പശാലകളും സെഷനുകളും ഒരുക്കും.
എന്‍ഐടി കാലിക്കറ്റ് സെന്റര്‍ ഫോര്‍ ഹോളിസ്റ്റിക്ക് ടീച്ചിംഗ് ആന്‍ഡ് ലേണിങ് ചെയര്‍പേഴ്‌സണ്‍ ഡോ. എ സുജിത്ത്, പ്ലാനറ്റോറിയം പ്രോജക്ട് കോര്‍ഡിനേറ്റര്‍ എം എം കെ ബാലാജി, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി അമ്മര്‍, ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സ് സൂപ്രണ്ട് ടി കെ ഉസ്മാന്‍, ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് സൂപ്രണ്ട് റസിയ, ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ ഗേള്‍സ് സൂപ്രണ്ട് സല്‍മ, ജില്ലാ കളക്ടര്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കെ ബിനോജിന്റെ നേതൃത്വത്തില്‍ ജാലവിദ്യയും വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളും നടന്നു.









