സ്വപ്നങ്ങൾക്ക് നിറം പകർന്ന് ഡ്രീംസ് പദ്ധതി,ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു

വെള്ളിമാടുകുന്ന് ജെൻഡർ പാർക്ക് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ക്ഷേമഭവനങ്ങളിലെ വിദ്യാർഥികളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് ഡ്രീംസ് പദ്ധതി. ജില്ലാ ഭരണകൂടം വിവിധ കോളേജുകളുടെ സഹകരണത്തോടെ നടത്തുന്ന ഹാപ്പി ഹിൽ പദ്ധതിയുടെ ഭാഗമായ ‘ഡ്രീംസ്’ പദ്ധതി ജെൻഡർ പാർക്കിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ (ഇൻ ചാർജ്) ഡോ. എ കെ ലിൻസി അധ്യക്ഷയായി.
വെള്ളിമാടുകുന്നിലെ ചിൽഡ്രൻ ഹോം ഫോർ ഗേൾസ്, ചിൽഡ്രൻ ഹോം ഫോർ ബോയ്സ്, ആഫ്റ്റർ കെയർ ഹോം ഫോർ ഗേൾസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനൊപ്പം പ്രായോഗിക അനുഭവ പഠന ശൈലിയിലുള്ള വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്നതാണ് പദ്ധതിയാണ് ഡ്രീംസ്.
ജില്ലാ ഭരണകൂടം, ജില്ലാ വനിത ശിശു വികസന വകുപ്പ്, എൻഐടി കാലിക്കറ്റ്, റീജിയണൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റോറിയം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആഴ്ചതോറും ശാസ്ത്രാഭിരുചി, ഉന്നത പഠനം, കരിയർ, സാങ്കേതിക വികാസം തുടങ്ങിയ മേഖലകൾ അടിസ്ഥാനപ്പെടുത്തിയുള്ള ശില്പശാലകളും സെഷനുകളും ഒരുക്കും.
എന്ഐടി കാലിക്കറ്റ് സെന്റർ ഫോർ ഹോളിസ്റ്റിക്ക് ടീച്ചിംഗ് ആൻഡ് ലേണിങ് ചെയർപേഴ്സൺ ഡോ. എ സുജിത്ത്, പ്ലാനറ്റോറിയം പ്രോജക്ട് കോർഡിനേറ്റർ എം എം കെ ബാലാജി, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ടി അമ്മർ, ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ് സൂപ്രണ്ട് ടി കെ ഉസ്മാൻ, ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് സൂപ്രണ്ട് റസിയ, ആഫ്റ്റർ കെയർ ഹോം ഫോർ ഗേൾസ് സൂപ്രണ്ട് സൽമ, ജില്ലാ കളക്ടർ ഇന്റേൺഷിപ്പ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ്
എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കെ ബിനോജിന്റെ നേതൃത്വത്തിൽ ജാലവിദ്യയും വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും നടന്നു.









