സംസ്ഥാന ബജറ്റില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ആശ്വാസം: പെന്‍ഷന്‍ തുകയില്‍ 1500 രൂപയുടെ വർധനവ്

സംസ്ഥാന ബജറ്റില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ആശ്വാസം. പത്ര പ്രവര്‍ത്തകരുടെ പെന്‍ഷന്‍ 13,000 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. പെന്‍ഷനില്‍ 1500 രൂപയുടെ വര്‍ധനവ് വരുത്തി. നിലവില്‍ 11,500 രൂപയാണ് പെന്‍ഷനായി ലഭിക്കുന്നത്. മാധ്യമ മേഖലയിലെ തൊഴിലാളികളുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്.

ക്ഷേമപെന്‍ഷന് 14,500 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2000 രൂപ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 54,000 കോടി രൂപ ക്ഷേമ പെന്‍ഷനായി എത്തിച്ചിരിക്കുമെന്നാണ് ധനമന്ത്രി ബജറ്റില്‍ പറഞ്ഞത്.

സ്ത്രീ സുരക്ഷാ പെന്‍ഷനായി 3,820 കോടി രൂപയും നീക്കിവെച്ചു. നിലവില്‍ ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്ക് വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഏകദേശം ഒരു കോടി ജനങ്ങളിലേക്ക് സര്‍ക്കാര്‍ സഹായം എത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ആശമാര്‍ക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവര്‍ക്ക് കൂട്ടിയത്. അങ്കണവാടി വര്‍ക്കര്‍ക്ക് 1000 കൂട്ടിയപ്പോള്‍ ഹെല്‍പ്പല്‍മാര്‍ക്ക് 500 രൂപയും സാക്ഷരതാ പ്രേരക്മാര്‍ക്ക് 1000 രൂപയും വര്‍ധിപ്പിച്ചു.

അതിനിടെ ആരോഗ്യ മേഖലയില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആരോഗ്യ മേഖലയില്‍ ഊന്നല്‍ നല്‍കുന്നതിനായി കേരള ബജറ്റില്‍ കാരുണ്യ പദ്ധതിക്കായി 900 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 200 കോടിയുടെ വര്‍ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു. വായോധികര്‍ക്ക് ന്യൂമോണിയ പ്രതിരോധ വാക്‌സിനായി 50 കോടി രൂപ ഈ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!