കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേക്കും. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ തിരഞ്ഞെടുക്കാനാണ് ആലോചന


കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടേക്കും. കലൂര്‍ സ്റ്റേഡിയത്തിന് പകരം ഹോം ഗ്രൗണ്ടായി കോഴിക്കോടോ, മലപ്പുറമോ തിരഞ്ഞെടുക്കാനാണ് ആലോചന.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫെബ്രുവരി 14ന് സീസണ് ആരംഭിക്കുമെങ്കിലും ഒറ്റ ലെഗ് ആയാണ് ടൂര്‍ണമെന്റ്. ഇതോടെ ബ്ലാസ്റ്റേഴ്സിന് കൂടിപ്പോയാല്‍ കിട്ടുക ആറോ ഏഴോ ഹോം മത്സരങ്ങള്‍ മാത്രമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കെ വന്‍ തുക വാടകയായി കൊടുത്ത് കലൂര്‍ സ്റ്റേഡിയത്തില്‍ കളിക്കണമോയെന്ന ചിന്തയിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. പകരം കോഴിക്കോട് കോര്പ്പറേഷന് ഇഎംഎസ് സ്റ്റേഡിയമോ, മലപ്പുറം പയ്യനാട് സ്റ്റേഡിയമോ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുക്കാനാണ് ആലോചന.
ഇത്തവണ ഐഎസ്എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് ദൂരദര്‍ശനില്‍ ആയതിനാല്‍ എഎഫ്സി നിലവാരമുള്ള മികച്ച സ്റ്റേഡിയം വേണമെന്ന പിടിവാശിയൊന്നുമില്ല അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്. സ്പോണ്‍സര്‍ഷിപ്പ് പ്രതിസന്ധിയും ടിക്കറ്റ് വരുമാനത്തില്‍ നിന്ന് കാര്യമായ വരുമാനം കിട്ടുമോ എന്ന ആശങ്കയും കൂടിയാകുമ്പോള്‍ കൊമ്പന്മാര് കലൂരിനെ കൈവിടാന്‍ തന്നെയാണ് സാധ്യത.







