തീരദേശ ഹൈവേ വികസനം; കൊയിലാണ്ടിയിലെ തടസ്സങ്ങൾ ഉടൻ പരിഹരിക്കും, ജനങ്ങളെ വിശ്വാസത്തിലെടുത്ത് ഹൈവേ വികസനവുമായി മുന്നോട്ട് പോകുമെന്ന് എം.എൽ എ

കൊയിലാണ്ടി: തീരദേശ മേഖലയിൽ അനേകം വികസന സാധ്യതകൾക്ക് വഴിവെക്കുന്ന തീരദേശ ഹൈവേയെ ഏറെ പ്രതീക്ഷയോടെയാണ് കൊയിലാണ്ടിയും കാണുന്നത്. തീരമേഖലയിൽ കൊയിലാണ്ടി ഹാർബർ തുറന്നുവെച്ച വികസന സാധ്യതകൾക്ക് കുറേക്കൂടി ആക്കംകൂട്ടാൻ ഹൈവേ വരുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ പാതയിലെ തിരക്ക് കുറയ്ക്കലും സുഗമമായ ചരക്ക് നീക്കവും വിനോദസഞ്ചാര വികസനുമാണ് തീരദേശ പാതയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

കൊയിലാണ്ടി മണ്ഡലത്തിൽ തീരദേശ ഹൈവേ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാപ്പാട് മുതൽ മുത്തായം വരെയുള്ള ഭാഗങ്ങളിലെ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. ഹാർബറിന്റെ പരിസര പ്രദേശങ്ങൾ ഉൾപ്പെടുന്ന 35-ാം വാർഡിലെ ജനങ്ങളുടെ യോഗം വിളിച്ചിരുന്നു. ജനങ്ങളുമായി ചർച്ച ചെയ്ത് അവരെ വിശ്വാസത്തിലെടുത്ത് ഹൈവേ നിർമ്മാണ പ്രവൃത്തികളുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് കൊയിലാണ്ടി എം.എൽ.എ അറിയിച്ചു.

കാപ്പാട് മുതൽ മുത്തായം വരെയുള്ള ഭാഗത്താണ് പലയിടങ്ങളിലായി ഹൈവേ അലൈമെന്റിനെതിരെ പ്രതിഷേധമുയർന്നത്. പാറപ്പള്ളി ഉൾപ്പെടുന്ന ഭാഗത്ത് ഖബറിന്റെ ഒരു ഭാഗം നഷ്ടപ്പെടുന്ന നിലയിലാണ് നിലവിലെ അലൈൻമെന്റ്. അത് മാറ്റി പള്ളിയുടെ മുൻഭാഗത്തുകൂടി പോകുന്ന സ്ഥിതിയിലാക്കുകയാണെങ്കിൽ പ്രദേശത്തെ മൂന്നുവീടുകൾ നഷ്ടമാകും. ഇതിൽ ഏത് എന്നത് പ്രദേശവാസികളുമായി കൂടിയാലോചിച്ചശേഷം തീരുമാനിക്കുമെന്നും എം.എൽ.എ അറിയിച്ചു.

കോരപ്പുഴ മുതൽ കൊളാവിപ്പാലം വരെ 38 കിലോമീറ്റർ ദൂരത്തിലാണ് കൊയിലാണ്ടി മണ്ഡലത്തിലൂടെ തീരദേശ ഹൈവേ കടന്നുപോകുന്നത്.കോരപ്പുഴ മുതൽ കൊയിലാണ്ടി ഹാർബറിന്റെ തെക്കുഭാഗം, കൊയിലാണ്ടി മുതൽ തിക്കോടി മുത്തായം വരെയുള്ള ഭാഗം, മുത്തായംമുതൽ വടകര സാന്റ് ബാങ്ക് വരെയുള്ള ഭാഗം എന്നിങ്ങനെയുള്ള റീച്ചുകളായി തിരിച്ചാണ് പ്രവൃത്തി നടത്തുന്നത്. ഇതിൽ മുത്തായം മുതൽ സാന്റ് ബാങ്ക്സ് വരെയുള്ള ഭാഗത്തിൽ കുറച്ചുദൂരം വടകര മണ്ഡലത്തിന്റെ ഭാഗമാണ്. കോട്ടക്കൽ മുതൽ തിക്കോടിവരെയുള്ള റീച്ചിൽ പ്രശ്നങ്ങളൊന്നുമില്ല. ഇവിടെ ഭൂമിയേറ്റെടുക്കൽ നടപടികളിലേക്ക് റവന്യൂ വകുപ്പ് കടന്നിട്ടുണ്ട്.

അലൈൻമെന്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതാണ് ഹൈവേ നിർമ്മാണ നടപടികൾ വൈകാൻ കാരണമെന്നാണ് ലാന്റ് അക്വിസിഷൻ കിഫ്ബി തഹസിൽദാർ ഓഫീസിലെ ജെ.എസ് ഗിരീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!