ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 62 വിക്ഷേപണം ഇന്ന്


ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 62 വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലെ ഒന്നാം ലോഞ്ച് പാഡില്‍ നിന്ന് രാവിലെ 10. 17നാണ് വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ‘അന്വേഷ’യും മറ്റ് 15 പേ ലോഡുകളും ഭ്രമണപഥത്തില്‍ എത്തിക്കുകയാണ് പിഎസ്എല്‍വിയുടെ ദൗത്യം. ഡിആര്‍ഡിഒ വികസിപ്പിച്ച അത്യാധുനിക ഭൗമനിരീക്ഷണ ഉപഗ്രഹമാണ് അന്വേഷ.
കൃഷി, നഗര മാപ്പിങ്, പരിസ്ഥിതി നിരീക്ഷണം എന്നിവയിലുടനീളം ഇന്ത്യയുടെ റിമോട്ട് സെന്‍സിങ് കഴിവുകള്‍ വര്‍ധിപ്പിക്കുകയാണ് അന്വേഷയെന്ന് പേരിട്ട ഇഒഎസ്-എന്‍ വണ്ണിന്റെ ദൗത്യം. യുകെ, സ്പെയിന്, ബ്രസീല്‍, ഫ്രാന്‍സ്, മൗറീഷ്യസ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചെറു ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി C62 ഭ്രമണപഥത്തില്‍ എത്തിക്കും.
പിഎസ്എല്‍വിയുടെ 64 -ാം ദൌത്യവും പിഎസ്എല്‍വി ഡിഎല്‍ വേരിയന്റിന്റെ അഞ്ചാം ദൗത്യവുമാണിത്. 12 ഘട്ടങ്ങളാണ് വിക്ഷേപണത്തിലുള്ളത്. 108 മിനിറ്റാണ് ദൌത്യത്തിന്റെ സമയം. കഴിഞ്ഞ തവണത്തെ പിഎസ്എല്‍വി ദൗത്യം പരാജയപ്പെട്ടിരുന്നു. ഈ കുറവുകള്‍ നികത്തിയാണ് തിരിച്ചുവരവിന് പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ഒരുങ്ങുന്നത്. 2026ലെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യമാണ് പിഎസ്എല്‍വി സി 62.







