ചെള്ള് പനി മരണം, പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി


കോഴിക്കോട്: കൊയിലാണ്ടി നഗരസഭ പരിധിയില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട ആള്‍ക്ക് ചെള്ള് പനി ആണെന്ന് സ്ഥിരീകരിച്ചതോടെ നഗരസഭയുടെ നേതൃത്വത്തില്‍ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. മരിച്ച രോഗിയുടെ വീടിന്റെ പരിസരത്തുള്ള സ്ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും ഡസ്റ്റിങ് നടത്തി. എലികളുടെ ശരീരത്തില്‍ നിന്ന് മൈറ്റ്സ്സുകളെ പരിശോധനക്കായി ശേഖരിച്ചു.
കുറ്റിക്കാടുകള്‍ നിറഞ്ഞ പ്രദേശ ഉടമകള്‍ക്ക് കാടുകള്‍ വെട്ടി തെളിയിക്കാന്‍ ഉള്ള നിര്‍ദ്ദേശം നല്‍കി. രോഗവുമായി ബന്ധപ്പെട്ട് ഐ. ഇ. സി. കള്‍ പൊതുജനങ്ങള്‍ക്കായി നല്‍കി വരുന്നു. അംഗനവാടികള്‍ സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ റിയാസ് കെ. പി. യുടെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്ന് ഡി. വി. സി യൂണിറ്റും സോണല്‍ എന്റമോളജി യൂണിറ്റും, തിരുവങ്ങൂര്‍ സി. എച്ച്. സി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍ കല്ലേരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലത. എ. കെ. എന്നിവരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.







