കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള പാർസൽ സർവ്വീസ് നിർത്തിയ നടപടി റെയിൽവേ റദ്ദാക്കി
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് പാർസൽ സർവ്വീസ് റദ്ദാക്കിയ നടപടി റദ്ദാക്കി റെയിൽവേ. കൊയിലാണ്ടി ഉൾപ്പെടെ കേരളത്തിലെ ഒമ്പത് റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് പാർസൽ സർവ്വീസ് നിർത്തിയ നടപടിയാണ് റെയിൽവേ ഇപ്പോൾ പിൻവലിച്ചത്. മെയ് 24 മുതലാണ് റെയിൽവേ ഈ സ്റ്റേഷനുകളിലെ പാർസൽ സർവ്വീസ് നിർത്തലാക്കിയത്.
കൊയിലാണ്ടിക്ക് പുറമെ വടകര, മാഹി, കുറ്റിപ്പുറം, പട്ടാമ്പി, കണ്ണപുരം, ചെറുവത്തൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാർസൽ സർവ്വീസും റെയിൽവേ പുനഃസ്ഥാപിച്ചിട്ടുണ്ട്. അഞ്ച് മിനുറ്റിൽ കൂടുതൽ സമയം വണ്ടികൾ നിർത്തുന്ന സ്റ്റേഷനുകളിൽ മാത്രമേ പാർസൽ സർവ്വീസ് അനുവദിക്കൂ എന്നായിരുന്നു ഈ സ്റ്റേഷനുകളിലെ പാർസൽ സർവ്വീസ് അവസാനിപ്പിക്കാൻ റെയിൽവേ കാരണമായി പറഞ്ഞത്.
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പാർസൽ അയയ്ക്കാനായി ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് കൊയിലാണ്ടി. നിരോധനം വന്നതോടെ ഈ സ്റ്റേഷനെ ആശ്രയിച്ചിരുന്നവർ ഏറെ ബുദ്ധിമുട്ടിലായിരുന്നു. സ്റ്റേഷന്റെ വരുമാനവും കുത്തനെ ഇടിഞ്ഞിരുന്നു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ അധികൃതർക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് തീരുമാനം പിൻവലിച്ചത്.