ദുരന്ത നിവാരണ അതോറിറ്റിയുടെ ‘യുവ ആപ്ദ മിത്ര’ ക്യാമ്പിന് തുടക്കം

 

 

കോഴിക്കോട് :ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ‘യുവ ആപ്ദ മിത്ര’ പദ്ധതിയുടെ ഭാഗമായി എന്‍.സി.സി കേഡറ്റുകള്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ദുരന്തനിവാരണ പരിശീലന പരിപാടിക്ക് തുടക്കമായി. കോഴിക്കോട് ജി.ടി.സിയില്‍ ആരംഭിച്ച പരിശീലന പരിപാടി ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് 30 (കേരള) എന്‍.സി.സി ബറ്റാലിയന്‍ സംഘടിപ്പിക്കുന്ന പത്ത് ദിവസത്തെ വാര്‍ഷിക പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് പ്രത്യേക പരിശീലനം.

അടിയന്തര സാഹചര്യങ്ങളെ നേരിടുന്ന രീതികള്‍, ദുരന്തമുഖങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ എന്നിവയിലാണ് കേഡറ്റുകള്‍ക്ക് ശാസ്ത്രീയ പരിശീലനവും അവബോധവും നല്‍കുന്നത്. ദുരന്തനിവാരണ ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിശീലനം നല്‍കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പ്രാഥമിക സഹായം നല്‍കാന്‍ യുവതയെ സജ്ജരാക്കുക, ദുരന്തസമയങ്ങളില്‍ പ്രദേശവാസികള്‍ക്ക് സ്വയം പ്രതിരോധിക്കാനും സഹായം എത്തിക്കാനും കഴിയുന്ന ശക്തമായ യുവജന സേനയെ രൂപപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന കേഡറ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍, ഐ.ഡി കാര്‍ഡുകള്‍, യൂണിഫോം, എമര്‍ജന്‍സി റെസ്പോണ്ടര്‍ കിറ്റുകള്‍ എന്നിവ നല്‍കും.

ചടങ്ങില്‍ കേണല്‍ വൈ കെ ഗൗതം, ലെഫ്റ്റനന്റ് കേണല്‍ ബി. ജോണ്‍സണ്‍, ഹസാര്‍ഡ് അനലിസ്റ്റ് പി അശ്വതി, ദുരന്തനിവാരണ കോഓഡിനേറ്റര്‍ സി തസ്ലീം ഫാസില്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ജില്ലകളില്‍നിന്ന് തിരഞ്ഞെടുത്ത എന്‍.സി.സി കേഡറ്റുകള്‍, എന്‍.സി.സി ഉദ്യോഗസ്ഥര്‍, ദുരന്തനിവാരണ പരിശീലകര്‍ എന്നിവരാണ് ക്യാമ്പില്‍ പങ്കാളികളാകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!