’സഹമിത്ര’ മൊബൈൽ ആപ്പിലേക്ക് വീഡിയോ ഉള്ളടക്കം: താൽപര്യപത്രം ക്ഷണിച്ചു


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് മാർഗനിർദേശങ്ങളും പരിശീലനവും സേവനങ്ങളും തെറാപ്പി സംബന്ധിച്ച വിവരങ്ങളുമെല്ലാം കൈമാറുന്നതിനായി തയാറാക്കുന്ന ‘സഹമിത്ര’ മൊബൈൽ ആപ്ലിക്കേഷനിലേക്ക് വീഡിയോ കണ്ടന്റുകൾ തയാറാക്കുന്നതിന് ഏജൻസികളിൽനിന്ന് താൽപര്യപത്രം ക്ഷണിച്ചു.
സർക്കാർ സ്ഥാപനങ്ങൾ/ഏജൻസികൾ, സർക്കാർ എംപാനലിൽ ഉൾപ്പെട്ട (പി ആർ ഡി ഉൾപ്പെടെ) വീഡിയോ പ്രൊഡക്ഷൻ ഏജൻസികൾ, കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ എന്നിവക്ക് അപേക്ഷിക്കാം.
ആരോഗ്യ സുരക്ഷ, പുനരധിവാസം, വിദ്യാഭ്യാസം, സാമൂഹിക വികസനം, ബോധവത്കരണം എന്നീ മേഖലകളിൽ ഡിജിറ്റൽ വീഡിയോ കണ്ടന്റുകൾ തയാറാക്കുന്നതിൽ ചുരുങ്ങിയത് രണ്ടു വർഷത്തെ പരിചയം ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയാറാക്കൽ, ഷൂട്ടിങ്, എഡിറ്റിങ്, ആനിമേഷൻ തുടങ്ങിയവയ്ക്കുള്ള സങ്കേതിക സംവിധാനങ്ങൾ ഉണ്ടാവണം.
സർക്കാർ വകുപ്പുകൾക്കോ പൊതു സ്ഥാപനങ്ങൾക്കോ വേണ്ടി പ്രവർത്തിച്ചവർക്കും ഭിന്നശേഷി മേഖലയിലും ആരോഗ്യ രംഗത്തെ ആശയ വിനിമയത്തിലും പരിചയമുള്ളവർക്കും മുൻഗണന.
ഔദ്യോഗിക ലെറ്റർഹെഡിലുള്ള കവറിങ് ലെറ്റർ, സ്ഥാപനത്തിന്റെ വിശദാംശങ്ങൾ, ടെക്നിക്കൽ-ക്രിയേറ്റീവ് ടീമിന്റെ വിവരങ്ങൾ, നേരത്തെ ചെയ്ത രണ്ടോ മൂന്നോ പ്രധാന വീഡിയോകളുടെ ലിങ്കുകൾ, വിഷയവുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾക്കൊള്ളിച്ച ചെറുകുറിപ്പ്, പ്രതീക്ഷിക്കുന്ന ചെലവ്, ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ സഹിതമാകണം താൽപര്യപത്രം സമർപ്പിക്കേണ്ടത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് എന്ന വിലാസത്തിലോ dpmkzd.ksitm@kerala.gov.in എന്ന ഇമെയിൽ വഴിയോ ജനുവരി 10ന് വൈകിട്ട് 5.30ന് മുമ്പ് താൽപര്യപത്രം സമർപ്പിക്കണം.








