അധിക ലഗേജുകൾക്ക് പ്രത്യേക കിഴിവുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്


പുതുവർഷ കാംപയിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇയിലേക്കും തിരിച്ചും യാത്രചെയ്യുന്നവർക്ക് ശ്രദ്ധേയമായ അധിക ലഗേജ് കിഴിവ് പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ഈ മാസം 31വരെ ബുക്ക് ചെയ്ത്, ജനുവരി 16നും മാർച്ച് 10നുമിടയിൽ യാത്ര ചെയ്യുന്നവർക്ക് പരിമിത കാലയളവിലേക്ക് 5, 10 കിലോഗ്രാമുകളുടെ അധിക ലഗേജിന് 2 ദിർഹമിന്റെ വിലക്കിഴിവാണ് ലഭിക്കുക. ഉദാഹരണത്തിന്, യു.എ.ഇയിൽ നിന്ന് ഇന്ത്യ റൂട്ടിൽ സഞ്ചരിക്കുമ്പോൾ സാധാരണയുള്ള 30 കിലോ ബാഗേജ് അലവൻസിന് പുറമെ, 20 ദിർഹം അധികമായി നൽകിയാൽ 40 കിലോ ബാഗേജ് (30 10) കൊണ്ടുപോകാം.
എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് എന്നിവയുൾപ്പെടെ എല്ലാ ഫ്രാക്ഷനുകളിലും കിഴിവ് വാഗ്ദാനം ചെയ്യുന്നു. അന്താരാഷ്ട്ര വിമാനങ്ങൾക്ക് പ്രീ ബുക്കിങിൽ സാധാരണ നിരക്ക് 700 രൂപ (28.54 ദിർഹം) മുതൽ 3,600 രൂപ വരെയാണ്. എന്നാൽ, വിമാന യാത്രയുടെ ദൈർഘ്യവും ലക്ഷ്യസ്ഥാനവുമനുസരിച്ച് നിരക്കുകൾ വ്യത്യാസപ്പെടാം.
ബജറ്റ് എയർലൈനുകളെ അപേക്ഷിച്ച്, പൂർണ ശേഷിയുള്ള വിമാന കമ്പനികൾ അധിക ലഗേജിന് ഉയർന്ന നിരക്കുകൾ ഈടാക്കുന്നു. പ്രധാന റൂട്ടുകളിലെ സീറ്റ് ഒക്യുപെൻസി വർധിപ്പിക്കാനായി യു.എ.ഇയും മറ്റ് വിമാന കമ്പനികളും ‘ലീൻ സീസണി’ൽ പ്രത്യേക വിമാന നിരക്കുകളും ബാഗേജ് കിഴിവുകളും അവതരിപ്പിച്ചിരിക്കുകയാണ്. ജി.സി.സി മേഖലയിലുടനീളം ലക്ഷക്കണക്കിന് പ്രവാസികളുള്ളതിനാൽ യു.എ.ഇ ഉൾപ്പെടെ ജി.സി.സി-ഇന്ത്യ റൂട്ടുകൾ ഏറ്റവും തിരക്കേറിയ ഇടനാഴികളിൽപെട്ടതാണ്.
യു.എ.ഇയിലെ നാല് ദശലക്ഷത്തിലധികം പേർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലായി താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഒമ്പത് ദശലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർ രണ്ട് പ്രദേശങ്ങൾക്കിടയിൽ പതിവായി യാത്ര ചെയ്യുന്നുണ്ട്. വിമാന നിരക്കുകളിലും ബാഗേജ് നിരക്കുകളിലും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ബജറ്റ് ബോധമുള്ള യാത്രക്കാരുടെ, പ്രത്യേകിച്ച് കുടുംബങ്ങളോടൊപ്പം യാത്ര ചെയ്യുന്നവരുടെ യാത്രാ പദ്ധതിയെ സ്വാധീനിക്കുന്നു.
ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സഊദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് യഥാക്രമം 0.2 ബഹ്റൈൻ ദിനാർ, 0.2 കുവൈത്ത് ദിനാർ, 0.2 ഒമാൻ റിയാൽ, 2 ഖത്തർ റിയൽ, 2 സഊദി റിയാൽ എന്നിവയ്ക്ക് 5 കിലോ, 10 കിലോ എന്നിങ്ങനെ അധിക ചെക്ക്-ഇൻ ബാഗേജ് നേടാൻ കഴിയും. യു.എ.ഇക്കും ഇന്ത്യക്കുമിടയ്ക്കുള്ള പ്രധാന നഗരങ്ങളിലേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള വിമാന സർവിസുകൾ നടത്തി വരുന്നു.








