കലാ ഗ്രാമത്തിനായി ആശയം പങ്കുവെച്ച് കൈതപ്രം ദാമോദരൻ നമ്പൂതിരി


കോഴിക്കോട്: കേരളത്തിൻ്റെ തനത് കലാരൂപങ്ങളും സംഗീതവും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന് കലാഗ്രാമം സ്ഥാപിക്കുകയെന്ന ആശയം പങ്കുവെച്ച് ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി. നവകേരള സൃഷ്ടിക്കായുള്ള ജനഹിതം തേടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം വികസനക്ഷേമ പഠന പരിപാടിയുടെ വിവരശേഖരണത്തിനായി തിരുവണ്ണൂരിലെ ‘കൈതപ്രം’ വീട്ടിലെത്തിയ കർമസേന അംഗങ്ങളോടാണ് ഭാവി കേരളത്തിനായുള്ള ആശയം അദ്ദേഹം പങ്കുവെച്ചത്.
കലാ പഠനത്തിനും അവതരണത്തിനും അവസരം ഒരുക്കുന്നതിനുള്ള ആശയമായ കലാഗ്രാമം കലാസാംസ്കാരിക മേഖലയ്ക്കും ടൂറിസം മേഖലയ്ക്കും മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഗീതം, നൃത്തം, നാടൻ കലകൾ, ആയോധന കലകൾ തുടങ്ങി എല്ലാ കലാരൂപങ്ങളുടെയും ഉന്നമനത്തിനായും കലാകാരരുടെ അഭിവൃദ്ധിക്കായും പ്രവർത്തിക്കുന്ന തരത്തിലുള്ള പദ്ധതിയുടെ ആശയമാണ് തൻ്റെ മനസ്സിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ല കമ്മിറ്റി കൺവീനർ സി പി അബ്ദുൾ കരീം, അംഗം പ്രമോദ്, കോഴിക്കോട് സൗത്ത് മണ്ഡലം ചാർജ് ഓഫീസർ സുരേഷ്, മണ്ഡലം കമ്മിറ്റി അംഗം മണിലാൽ, കർമസേന അംഗങ്ങളായ വി വി സ്വപ്ന, ടി ഷീബ, ശിവരാമകൃഷ്ണൻ, മുരളി എന്നിവർക്കൊപ്പമാണ് ഭവന സന്ദർശനം നടത്തിയത്.
വിവിധ ഇടങ്ങളിൽ കർമ്മ സേനാംഗങ്ങൾ ഭവനം സന്ദർശനം നടത്തിയതോടെ നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാമിന് വ്യാഴാഴ്ച ജില്ലയിൽ തുടക്കമായി. പൊതുജനങ്ങളില്‍ നിന്ന് വികസന നിര്‍ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കാനും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് അഭിപ്രായം തേടാനുമായി പരിശീലനം പൂര്‍ത്തിയാക്കിയ കര്‍മസേന അംഗങ്ങളാണ് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് അഭിപ്രായ ശേഖരണം നടത്തുന്നത്. രണ്ട് പേരടങ്ങുന്ന ടീമാണ് ആശയശേഖരണത്തിനായി ഭവന സന്ദർശനം നടത്തുക.







