തിരുവങ്ങൂരില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച തട്ടുകട അടപ്പിച്ചു


കൊയിലാണ്ടി: തിരുവങ്ങൂര്‍ ടൗണില്‍ സര്‍വീസ് റോഡിന് സമീപമുള്ള തട്ടുകട ആരോഗ്യവിഭാഗം അടച്ചുപൂട്ടി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയും യാതൊരു ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുകയും മാലിന്യങ്ങള്‍ അലക്ഷ്യമായി പൊതു റോഡിന് സമീപം കൂട്ടിയിടുകയും മലിന ജലം പൊതു റോഡിന് സമീപത്തു കൂടെ ഒഴുക്കുകയും ചെയ്തതിനും ജല ഗുണനിലവാര പരിശോധന നടത്താത്ത വെള്ളം ഇടപാടുകാര്‍ക്ക് നല്‍കുകയും ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്ത തൊഴിലാളികളെ കൊണ്ട് ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുകയും, വിതരണം നടത്തുകയും, പകര്‍ച്ച വ്യാധികള്‍, ഭക്ഷ്യവിഷബാധ എന്നിവ ഉണ്ടാകുന്ന തരത്തിലുള്ള പ്രവര്‍ത്തി ചെയ്യരുതെന്നും ഉള്ള ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം അവഗണിച്ചതിനും ആണ് നടപടി.
ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്തും അടുക്കളയിലും യാതൊരു സുരക്ഷാ കവചങ്ങളും ഇല്ലാത്തതിനാല്‍ രാത്രികാലങ്ങളില്‍ നായ, പൂച്ച, എലി മറ്റു മൃഗങ്ങളുടെ സാന്നിധ്യം എന്നിവ ഹോട്ടലില്‍ ഉണ്ടാകുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. വില്‍പ്പന തീയതി കഴിഞ്ഞ പാലും പാല് ഉല്‍പ്പന്നങ്ങളും സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
തിരുവങ്ങൂര്‍ ടൗണിലെ ന്യൂ ചിക്കന്‍ സ്റ്റാളില്‍ നടത്തിയ പരിശോധനയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉടമയ്ക്ക് രണ്ടു ദിവസത്തെ സമയം നല്കി. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. പരിശോധനയ്ക്ക് തിരുവങ്ങൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന് കല്ലേരി നേതൃത്വം നല്കി.







