പുതുവര്‍ഷം: തപാല്‍, ട്രെയിന്‍ സമയം തുടങ്ങിയവയില്‍ പലവിധ മാറ്റങ്ങള്‍

 

 

പുതുവര്‍ഷ ദിനമായ ഇന്നു മുതല്‍ രാജ്യത്ത് പലവിധ മാറ്റങ്ങള്‍. വേഗം തീരെ കുറഞ്ഞതും ട്രാക്കിങ് സൗകര്യമില്ലാത്തതുമായ തപാല്‍ സേവനങ്ങളില്‍ ചിലത് ഇന്നു മുതല്‍ നിര്‍ത്തലാക്കും. വിദേശത്തേക്കുള്ള രജിസ്റ്റേഡ് സ്മോള്‍ പാക്കറ്റ് സര്‍വീസ്, ഔട്ടവേഡ് സ്മോള്‍ പാക്കറ്റ് സര്‍വീസ്, സര്‍ഫസ് ലെറ്റര്‍ മെയില്‍ സര്‍വീസ്, സര്‍ഫസ് എയര്‍ ലിഫ്റ്റഡ് ലെറ്റര്‍ മെയില്‍ സര്‍വീസ് തുടങ്ങിയ ഇന്നു മുതല്‍ ഇല്ല.

സംസ്ഥാനത്തെ എല്ലാ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡപ്പോസിറ്റ് സ്‌കീം ഇന്നു മുതല്‍ നടപ്പാകും. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോള്‍ 20 രൂപ ഈടാക്കുമെങ്കിലും കാലിക്കുപ്പി ഏതു മദ്യക്കടയിലും തിരിച്ചേല്‍പിച്ചാല്‍ 20 രൂപ തിരികെ ലഭിക്കും. പൈലറ്റ് അടിസ്ഥാനത്തില്‍ നേരത്തെ നടപ്പാക്കിയ പദ്ധതിയാണ് എല്ലാ ഔട്ലെറ്റുകളിലേക്കും വ്യാപിപ്പിക്കുന്നത്.

ട്രെയിന്‍ സമയത്തിലുമുണ്ട് മാറ്റം. ബെംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി വൈകിട്ട് 4.55നു പകരം 5.05ന് എറണാകുളത്ത് എത്തും തിരുവനന്തപുരം- സിക്കന്ദരാബാദ് ശബരി എക്സ്പ്രസ് 30 മിനിറ്റ് നേരത്തെ രാവിലെ 10.40ന് എറണാകുളം ടൗണിലെത്തിലെത്തും. ചെങ്കോട്ട വഴിയുള്ള കൊല്ലം – ചെന്നൈ എക്സ്പ്രസ് ഒന്നര മണിക്കൂര്‍ നേരത്തെ രാവിലെ 6.05ന് ചെന്നൈ താംബരത്ത് എത്തും. ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്സ്പ്രസ് 20 മിനിറ്റ് നേരത്തെ വൈകിട്ട് 4.30ന് എറണാകുളം ടൗണിലെത്തും. വൈഷ്ണോദേവി കട്ര-കന്യാകുമാരി ഹിമസാഗര്‍ വീക്ക്ലി എക്സ്പ്രസ് രാത്രി 8.25-നു പകരം 7.25ന് തിരുവനന്തപുരത്ത് എത്തും.

പി എം കിസാന്‍ പദ്ധതിയില്‍ ജനുവരി 1 മുതല്‍ പുതിയ അപേക്ഷകര്‍ക്ക് പ്രത്യേക ഫാര്‍മര്‍ ഐ ഡി നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവിലെ ഉപഭോക്താക്കളെ മാറ്റം ബാധിക്കില്ല. ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് ആദായ നികുതി സേവനങ്ങള്‍ തടസ്സപ്പെടും. കേന്ദ്രത്തില്‍ എട്ടാം ശമ്പള കമ്മീഷന്‍ പ്രാബല്യത്തില്‍ വരും.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!