സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെ ശ്രീനിവാസിന്റെ സംസ്കാര ചടങ്ങുകൾ


കൊച്ചി: മലയാളികളെ അരനൂറ്റാണ്ടു കാലം ചിരിപ്പിച്ച ശ്രീനിവാസന്‍ (69) ഇനി ഓർമത്തിരയിലേക്ക്. ഇന്നലെ രാവിലെ 8. 25 ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ച് അന്തരിച്ച് ശ്രീനിവാസന്റെ സംസ്കാരച്ചടങ്ങുകൾ ഉദയം പേരൂരിന് സമീപം കണ്ടനാടുള്ള വീട്ടുവളപ്പിൽ നടന്നു. വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ ചെയ്യുന്നത്. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ. മരുമക്കൾ: ദിവ്യ, അർപ്പിത.
ഡയാലിസിസിനായി കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് താലൂക്ക് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ എറണാകുളം ടൗൺ ഹാളിലും വൈകീട്ടും ഇന്ന് രാവിലെയുമായി വീട്ടിലും നടന്ന പൊതുദർശനത്തിന് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. രാഷ്ട്രീയ–ചലച്ചിത്ര–സാമൂഹിക മേഖലയിൽ നിന്നുള്ളവർ ശ്രീനിയെ അവസാനമായി ഒരുനോക്ക് കാണാൻ കണ്ടനാട്ടെ വീട്ടിലെത്തിയിരുന്നു.
കണ്ണൂർ പാട്യം സ്വദേശിയായ ശ്രീനിവാസൻ പി.എ.ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിൽ അഭിനയിച്ചാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. 1984 ൽ പ്രിയദർശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയായിരുന്നു തിരക്കഥ എഴുത്തിന്റെ തുടക്കം. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ 54 സിനിമകൾക്ക് തിരക്കഥയെഴുതിയ ശ്രീനിവാസൻ 2 ചിത്രങ്ങൾ സംവിധാനം ചെയ്തു. 54 ൽ 32 സിനിമകൾ സത്യൻ അന്തിക്കാടിനും പ്രിയദർശനും വേണ്ടിയായിരുന്നു. സുന്ദര–ഗംഭീര നായകൻമാരെക്കുറിച്ച് മുൻവിധിയുണ്ടായ കാലത്ത് അത്തരം പരിമിതിയെ സാധ്യതയാക്കിയ കഥാപാത്രങ്ങളായിരുന്നു ശ്രീനിവാസന്റേത്.









