‘ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകം’; അനുശോചിച്ച് മുഖ്യമന്ത്രി

 

 

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്രത്തിന്റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നതെന്നും പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയില്‍ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താന്‍ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാര്‍ വേറെ അധികമില്ലെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.

സിനിമയില്‍ നിലനിന്നു പോന്ന പല മാമൂലുകളെയും തകര്‍ത്തുകൊണ്ടാണ് ശ്രീനിവാസന്‍ ചുവടുവെച്ചത്. താന്‍ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമര്‍ശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം മാറ്റുന്നതിന് ശ്രീനിവാസന്‍ പ്രയത്‌നിച്ചു. തന്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ച ചലച്ചിത്രകാരന്‍ കൂടിയാണ് ശ്രീനിവാസന്‍ – അദ്ദേഹം കുറിച്ചു.

കഥ, തിരക്കഥ, സംവിധാനം തുടങ്ങി അഭിനയം വരെയുള്ള മേഖലകളിലായി വ്യാപരിക്കുകയും പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ എക്കാലവും മായാതെ നില്‍ക്കും – അദ്ദേഹം കുറിച്ചു.

തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്റെ വിയോഗം ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു അഭിമുഖത്തിനായി ഞങ്ങള്‍ ഒരുമിച്ചിരുന്നതും നര്‍മ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സില്‍ സ്ഥാനം ഉറപ്പിച്ചതും ഓര്‍മിക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസന്‍ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാട്യത്ത് ജനിച്ചുവളര്‍ന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്‌നത്തിലൂടെ പ്രായോഗിക തലത്തില്‍ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികള്‍ക്കുള്ള പാഠപുസ്തകമാണ് – മുഖ്യമന്ത്രി വ്യക്തമാക്കി.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍.

സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ് ശ്രീനിവാസൻ. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന സിനിമക്ക് കഥ എഴുതി തിരക്കഥാ രംഗത്തേക്ക് കടന്നു.

സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത,ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ ,ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരകഥ ഒരുക്കി.

പൂച്ചയ്ക്കൊരു മൂക്കുത്തിയാണ് ആദ്യ തിരക്കഥ. പ്രിയദർശനുമായി ചേർന്ന് ഹാസ്യത്തിന് മുൻതൂക്കം നൽകിയ ഒരുക്കിയ ചിത്രങ്ങളിലൂടെ അദ്ദേഹം സിനിമാലോകത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു.സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം.

1991ൽ പുറത്തിറങ്ങിയ ആക്ഷേപഹാസ്യചിത്രമായ സന്ദേശം കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യമണ്ഡലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന,ദേശീയ പുരസ്കാരങ്ങൾ നേടി.വിമലയാണ് ഭാര്യ. സംവിധായകനും നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ , നടൻ ധ്യാന്‍ ശ്രീനിവാസൻ എന്നിവർ മക്കളാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!