സർഗാലയ ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 11 വരെ


കൊയിലാണ്ടി: വടകര ഇരിങ്ങൽ സർഗാലയ ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് ഫെസ്റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 11 വരെ നടക്കും. 15ലധികം രാജ്യങ്ങളിൽ നിന്നുള്ള 300 ലധികം കരകൗശലവിദഗ്ദർ മേളയിൽ പങ്കാളികളാകും. ഗ്രാമീണ സമൂഹത്തിന്റെ സാമ്പത്തിക വികസനത്തിന് സംഭാവന നൽകുകയും ഗ്രാമീണ കരകൗശല വിദഗ്ധരെ പ്രോത്സാഹിപ്പിക്കുകയും ആണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. പതിമൂന്നാമത് സർഗാലയ അന്താരാഷ്ട്ര ആർട്സ് ആൻഡ് ക്രാഫ്റ്റ് ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബർ 25ന് വൈകിട്ട് ആറിന് പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.
മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ സ്നേഹ കുമാർ സിങ്ങിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. മേള നടക്കുന്ന ദിവസങ്ങളിൽ ദേശീയപാതയിൽ അനുഭവിക്കപ്പെടുന്ന തിരക്ക് നിയന്ത്രിക്കാൻ പോലീസ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ നഗരസഭ അധികൃതർ തുടങ്ങിയവരോട് സ്ഥലം സന്ദർശിച്ച് നടപടികൾ സ്വീകരിക്കാൻ കലക്ടർ നിർദേശിച്ചു.
വൈദ്യുതി ആത്മരക്ഷാസേന മെഡിക്കൽ ടീം തുടങ്ങിയവരുടെ സജ്ജീകരണങ്ങൾ ഒരുക്കാനും നിർദ്ദേശം നൽകി. എഡിഎംസി മുഹമ്മദ് റഫീഖ്, സർഗാലയ സീനിയർ ജനറൽ മാനേജർ ടി കെ രാജേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു









