അർജന്റീന സൂപ്പർതാരം ലയണൽ മെസി ഇന്ന് ഡൽഹിയിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസി കൂടിക്കാഴ്ച


അർജന്റീന ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസി ഇന്ന് ഡല്‍ഹിയിലെത്തും. രാവിലെ 10.45ന് ഡല്‍ഹിയില്‍ എത്തുന്ന മെസി, തുടർന്ന് 50 മിനിറ്റ് നീളുന്ന ‘മീറ്റ് ആൻഡ് ഗ്രീറ്റ്’ സെഷനില്‍ പങ്കെടുക്കും.ഇതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഏകദേശം 20 മിനിറ്റ് സമയം ചെലവഴിക്കുമെന്നാണ് അറിയുന്നത്.
ഇന്ത്യയിലെ അർജന്റീന അംബാസഡർ മരിയാനോ അഗസ്റ്റിൻ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും മെസി കൂടിക്കാഴ്ച നടത്തും. പ്രഫുല്‍ പട്ടേല്‍ എംപിയുടെ വസതിയിലാണ് പ്രധാന കൂടിക്കാഴ്ചകള്‍ നടക്കുക.
വൈകീട്ട് 3.30ന് ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുത്ത ശേഷമായിരിക്കും മെസിയുടെ മടക്കം. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളിലെ സന്ദർശനങ്ങള്‍ക്ക് ശേഷമാണ് മെസി ഡല്‍ഹിയിലെത്തുന്നത്.
ഇന്നലെ മുംബൈയിലെ പര്യടനം വൻ ആവേശമാണ് സൃഷ്ടിച്ചത്. വാങ്കഡെ സ്റ്റേഡിയത്തില്‍ കുട്ടികളോടൊപ്പം പന്ത് തട്ടിയും ഷൂട്ടൗട്ടില്‍ പങ്കെടുത്തും മെസി ആരാധകരെ ആവേശത്തിലാക്കി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറും മെസിക്കൊപ്പം വേദിയിലെത്തി.
‘പ്രൊജക്റ്റ് മഹാദേവ’ എന്ന പേരില്‍ കുട്ടി ഫുട്ബോളർമാർക്കുള്ള സഹായ പദ്ധതിയുടെ പ്രചാരണ പരിപാടിയായിരുന്നു വാങ്കഡെയില്‍ നടന്നത്. ഇതിന് പുറമെ വൈകിട്ട് മൂന്ന് മണിയോടെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മറ്റൊരു പരിപാടിയിലും മെസി പങ്കെടുത്തു.
ഇന്നത്തെ ഡല്‍ഹി സന്ദർശനത്തോടെ ലിയോണല്‍ മെസിയുടെ ഇന്ത്യ പര്യടനം സമാപിക്കും.









