തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി


തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെയാണ് തെരഞ്ഞെടുപ്പ്. രാവിലെ ആറിന് തന്നെ ബൂത്തുകളില്‍ മോക് പോളിങ് നടന്നു.എൻ.കെ പ്രേമചന്ദ്രൻ എം.പി,കേന്ദ്രമന്ത്രി സുരേഷ് ഗോപി,പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ രാവിലെ തന്നെ എത്തി വോട്ട് രേഖപ്പെടുത്തി.
കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോർപറേഷനുകൾ ഉൾപ്പെടെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 15,432 പോളിംഗ് സ്റ്റേഷനുകളാണ് ഒന്നാംഘട്ടത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ ആകെ 480 പ്രശ്നബാധിത ബൂത്തുകളുണ്ട്.
ആദ്യം ഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രശ്ന ബാധിത ബൂത്തുകളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 186 പ്രശ്ന ബാധിത ബൂത്തുകളാണ് തിരുവനന്തപുരത്തുള്ളത്.
36,630 സ്ഥാനാർഥികളും 1.32 കോടി വോട്ടർമാരുമാണ് ഒന്നാംഘട്ടത്തിലുണ്ട്. 11ന് തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോഡ് വരെയുള്ള ജില്ലയിൽ ഇന്ന് പരസ്യപ്രചാരണം അവസാനിക്കും. 13നാണ് എല്ലായിടത്തും വോട്ടെണ്ണൽ നടക്കുക.









