കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സമാപനം; കപ്പടിച്ച് കോഴിക്കോട് സിറ്റി ഉപജില്ല


കൊയിലാണ്ടി: 5 ദിവസങ്ങളിലായി കൊയിലാണ്ടി വച്ച് നടന്ന 64ആമത് കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് സമാപനം. കലോത്സവത്തില്‍ കപ്പടിച്ച് കോഴിക്കോട് സിറ്റി ഉപജില്ല. 1010 പോയിന്റുകളാണ് കോഴിക്കോട് സിറ്റി നേടിയത്. 920 പോയിന്റുമായി ചേവായൂര്‍ രണ്ടാം സ്ഥാനത്തും 919 പോയിന്റുകളുമായി തോടന്നൂര്‍ മൂന്നാം സ്ഥാനത്തുമെത്തി.
സ്‌കൂള്‍ തലത്തില്‍ ചേവായൂരിലെ സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് 438 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തെത്തി. 353 പോയിന്റുമായി മേമുണ്ട രണ്ടാം സ്ഥാനത്തെത്തി. 255 പോയിന്റുമായി പേരാമ്പ്ര ഹയര്‍ സെക്കണ്ടറിയാണ് മൂന്നാം സ്ഥാനത്തുള്ളത്.
കൊയിലാണ്ടിനഗരത്തിലെ 22 വേദികളിലായി 17 ഉപജില്ലകളില്‍ നിന്നായി യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 11.000ത്തോളം വിദ്യാര്‍ഥികള്‍ 39 മത്സര ഇനങ്ങളില്‍ മാറ്റുരച്ചു. രചനാമത്സരങ്ങളില്‍ മാത്രം 1100 മത്സരാര്‍ഥികള്‍ പങ്കാളികളായി. വിധികര്‍ത്താക്കള്‍ക്കെതിരേയുള്ള പ്രതിഷേധവും സംഘര്‍ഷങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടായെങ്കിലും ജനപങ്കാളിത്തം കൊണ്ട് ഇത്തവണത്തെ കലോത്സവം ശ്രദേയമായി. എല്ലാ മത്സരങ്ങളിലും നിറഞ്ഞ സദസുകളായിരുന്നു.









