ശബരിമലയില്‍ അപകടകരമായ രീതിയില്‍ ഭക്തജന തിരക്കെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍

 

 

ശബരിമല: ശബരിമലയില്‍ അപകടകരമായ രീതിയില്‍ ഭക്തജന തിരക്കെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. ഭക്തര്‍ പലരും ക്യൂ നില്‍ക്കാതെ ദര്‍ശനത്തിനായി ചാടി വരികയാണെന്നും ഇത്രയും വലിയ ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്‌പോട്ട് ബുക്കിങ്ങില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് സൂചന നല്‍കി,    അതേസമയം ദര്‍ശനം കിട്ടാതെ ഭക്തര്‍ മടങ്ങിയെന്നും വിവരമുണ്ട്. പന്തളത്ത് എത്തി നെയ്യഭിഷേകം നടത്തിയാണ് ഇവര്‍ മടങ്ങിയത്.

പമ്പയില്‍ വന്നു കഴിഞ്ഞാല്‍ ആളുകളെ അധികം സമയം നിര്‍ത്തുന്നത് ഒഴിവാക്കണം. ക്യൂ കോംപ്ലക്‌സുകളുടെ ഉദ്ദേശം നടപ്പായിട്ടില്ല. ഭക്തര്‍ അവിടെ കയറുന്നില്ലെന്ന് പൊലീസ് പറയുന്നു. ഭക്തര്‍ക്ക് ബിസ്‌കറ്റ് മാത്രമല്ല, കൂടുതല്‍ കാര്യങ്ങള്‍ നല്‍കിയാല്‍ ആളുകള്‍ അവിടെ കയറി ഇരിക്കും. ഭക്തരെ നിര്‍ബന്ധമായും ക്യൂ കോംപ്ലക്‌സില്‍ ഇരുത്തണം. അതിനായി അനൗണ്‍സ്‌മെന്റ് വേണം. അല്ലാതെ അവര്‍ക്ക് അറിയില്ല. അവരുടെ അവസരം വരുമ്പോള്‍ കയറ്റണം. അങ്ങനെയെങ്കില്‍ ആളുകള്‍ നിന്ന് ബോധംകെട്ട് വീഴുന്നത് ഒഴിവാക്കാം.

രണ്ടാം ദിവസമായ ഇന്ന് ഇത്രയും തിരക്ക് അപ്രതീക്ഷിതം. അപകടരമായ രീതിയിലുള്ള തിരക്ക്. ക്യൂവില്‍ നില്‍ക്കാതെ ചാടി വന്നവരുണ്ട്. ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല. ക്യൂവില്‍ നില്‍ക്കാതെ ചാടി വരുന്നത് ക്യൂവില്‍ അധിക സമയം നില്‍ക്കേണ്ടി വരുന്നതിനാല്‍. പതുക്കെ പതുക്കെ ഇവരെയെല്ലാം പതിനെട്ടാം പടി കയറ്റാന്‍ ചാര്‍ജ് ഓഫിസറോട് പറഞ്ഞു. ഇങ്ങനെയൊരു ആള്‍ക്കൂട്ടം ഇവിടെ വരാന്‍ പാടില്ലായിരുന്നു.

നിലയ്ക്കലില്‍ ആളുകളെ കൂടുതല്‍ സമയം നിര്‍ത്തുന്നതില്‍ തെറ്റില്ല. 7 അഡീഷണല്‍ ബൂത്തുകള്‍ സ്‌പോട്ട് ബുക്കിങ്ങിനായി ഇന്ന് നിലയ്ക്കലില്‍ സ്ഥാപിക്കും. പമ്പയിലേക്ക് സ്‌പോട്ട് ബുക്കിങ് കുറയ്ക്കും
ജീവനക്കാരുടെ മെസ് തയ്യാറായിട്ടില്ല. അവര്‍ക്ക് അന്നദാന മണ്ഡപത്തില്‍ അന്നദാനം കൊടുക്കും. 21ന് മാത്രമേ ജീവനക്കാര്‍ക്ക് മെസ് തയ്യാറാവുകയുള്ളൂ.
കുടിവെള്ളം കിട്ടുന്നില്ലെന്ന പ്രശ്‌നമുണ്ട്. അത് വിതരണം ചെയ്യാന്‍ 200 പേരെ അധികമായി എടുത്തു. ആളുകള്‍ക്ക് ഇടയിലേക്ക് വെള്ളവുമായി പോകണം. 4 മണിക്കൂറായി നില്‍ക്കുന്നവന് വെള്ളം കൊടുക്കണം.

ശുചിമുറികള്‍ വൃത്തിയാക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് 200 പേരെ എത്തിക്കും
ഓണ്‍ലൈന്‍ ബുക്കിങ് ആദ്യദിവസം തന്നെ തീര്‍ന്നു. സ്‌പോട്ട് ബുക്കിങ് കൊടുക്കാതെ പറ്റില്ല. ബുക്കിങ് ഇല്ലെങ്കില്‍ നിയന്ത്രണം വയ്ക്കാന്‍ പറ്റില്ല. നിയന്ത്രണം വയ്ക്കാന്‍ പറ്റുമോയെന്ന് നോക്കട്ടെ.
ഒരു മിനിറ്റില്‍ 80-90 പേര്‍ പതിനെട്ടാം പടി കയറിയില്ലെങ്കില്‍ ഇത് കൈകാര്യം ചെയ്യാന്‍ കഴിയില്ല.
കേന്ദ്രസേന ഇന്ന് വരുമെന്നാണ് അറിവ്. അവരെ ബന്ധപ്പെടും. എത്രയും പെട്ടെന്ന് വരട്ടെ
പമ്പ മലിനമാണെന്ന് സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടുണ്ട്. എന്തുകൊണ്ട് ഇങ്ങനെ ആയെന്ന് മനസിലാകുന്നില്ല. വൃത്തിയാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!