പട്ടികവര്‍ഗ ജനങ്ങളുടെ അടിസ്ഥാന രേഖ രജിസ്‌ട്രേഷന്‍: മെഗാ ഡിജിറ്റലൈസേഷന്‍ ക്യാമ്പുകള്‍ക്ക് സമാപനം


കോഴിക്കോട്: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ജനങ്ങളുടെ അടിസ്ഥാന രേഖകളുടെ സമ്പൂര്‍ണ രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിന് ആവിഷ്‌കരിച്ച എബിസിഡി മെഗാ ഡിജിറ്റലൈസേഷന്‍ ക്യാമ്പുകള്‍ക്ക് സമാപനം. പേരാമ്പ്ര ഡിവിഷനിലെ വാണിമേല്‍, കാവിലുംപാറ, വളയം, ചെക്യാട്, നരിപ്പറ്റ, കോടഞ്ചേരി ഡിവിഷനിലെ കോടഞ്ചേരി, പുതുപ്പാടി, കാരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിലെ 73 ഉന്നതികളിലുള്ളവരെ ഉള്‍പ്പെടുത്തിയാണ് രണ്ടു ദിവസങ്ങളിലായി ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.
വിലങ്ങാട് പാരിഷ് ഹാളിലും വട്ടച്ചിറ സാംസ്‌കാരിക നിലയത്തിലുമായി നടന്ന ക്യാമ്പുകളില്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, വോട്ടര്‍ ഐഡി, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ 350ലേറെ പേര്‍ പ്രയോജനപ്പെടുത്തി. രേഖകളില്ലാത്തവര്‍ക്കുള്ള ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റും ഇതിലൂടെ ലഭ്യമാക്കി. കൈവശമുള്ള രേഖകള്‍ നഷ്ടപ്പെടാത്ത വിധം ഡിജിറ്റലൈസ് ചെയ്തു നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കി. രേഖകള്‍ എടുക്കാന്‍ ശേഷിക്കുന്ന മറ്റു മേഖലകളിലുള്ളവര്‍ക്ക് ഉന്നതി പ്രമോട്ടര്‍മാരുടെ നേതൃത്വത്തില്‍ അതത് അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കി 100 ശതമാനം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ പതിനായിരത്തില്‍ പരം വരുന്ന പട്ടികവര്‍ഗ വിഭാഗത്തിലുള്‍പ്പെടുന്ന വ്യക്തികള്‍ക്ക് അടിസ്ഥാന രേഖകള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തില്‍ 2023 മെയ് മാസം പ്രത്യേക ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു. അടിസ്ഥാന രേഖകളുടെ അഭാവത്തില്‍ സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകാതെ പോകുന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലയില്‍ വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്.
വട്ടച്ചിറ സാംസ്‌കാരിക നിലയത്തില്‍ നടന്ന ക്യാമ്പ് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷനായി. ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ ആര്‍ സിന്ധു, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ എന്‍ എസ് അജിഷ, താലൂക്ക് സപ്ലൈ ഓഫീസര്‍ സി സന്തോഷ്, താമരശ്ശേരി തഹസില്‍ദാര്‍ സുബൈര്‍, വാര്‍ഡ് മെമ്പര്‍മാരായ റോസ്‌ലി മാത്യു, സിസിലി ജേക്കബ്, വനജ വിജയന്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത്, ലീഡ് ബാങ്ക് പ്രതിനിധി അയോണ ജോര്‍ജ്, കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ് സലീഷ്, ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. നിജീഷ് ആനന്ദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ഭരണകൂടം, പട്ടികവര്‍ഗ വികസന വകുപ്പ്, റവന്യു, സിവില്‍ സപ്ലൈസ്, ഐടി മിഷന്‍, അക്ഷയ, ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, ലീഡ് ബാങ്ക് തുടങ്ങിയ വിവിധ വകുപ്പുകള്‍, ജില്ലാ കലക്ടറുടെ ഇന്റേണ്‍സ് തുടങ്ങിയവരാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്.






