ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പുരസ്‌ക്കാര ചടങ്ങ് നവംബര്‍ 2 ന്


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റര്‍നാഷണല്‍ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പുരസ്‌ക്കാര ചടങ്ങ് നവംബര്‍ 2 ന് സംവിധായകനും അഭിനേതാവുമായ ജിയോ ബേബി ഉദ്്ഘാടനം ചെയ്യും. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകന്‍ കമല്‍, അഭിനേതാവ് സുധീഷ്, സംവിധായകന്‍, ജ്യോതിഷ് ശങ്കര്‍ തുടങ്ങിയ ചലച്ചിത്രരംഗത്തെ പ്രതിഭാധനര്‍ പുരസ്‌കാരങ്ങള്‍ സ്വീകരിക്കും. നടനും സംവിധായകനും നിര്‍മ്മാതാവുമായ സൗബിന്‍ ഷാഹിര്‍ മുഖ്യാതിഥിയായിരിക്കും.
സിനിമാറ്റോഗ്രാഫര്‍ വിപിന്‍ മോഹന്‍, ഗാനരചയിതാവ് സന്തോഷ് വര്‍മ്മ, കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍, നവീന വിജയന്‍ (കേരള ചലച്ചിത്ര അക്കാദമി കോര്‍ഡിനേറ്റര്‍ ), ഗാനരചയിതാവ് നിധീഷ് നടേരി,സംവിധായകന്‍ ശിവദാസ് പൊയില്‍ക്കാവ്, ക്യാമറമാന്‍ പ്രശാന്ത് പ്രണവം തുടങ്ങിയവര്‍ പങ്കെടുക്കും. ദൃശ്യ മാധ്യമ പുരസ്‌കാരങ്ങള്‍, സ്‌നേഹാദരം, ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ എന്നിവ വേദിയില്‍ സമര്‍പ്പിക്കുന്നു. ഏപ്രില്‍ ഒന്നിന് എന്‍ട്രികള്‍ സ്വീകരിച്ചു തുടങ്ങിയ ഫെസ്റ്റിവലിന്റെ സമാപനവുമാണ് പുരസ്‌ക്കാര ചടങ്ങ്.
പ്രവാസികള്‍ ഉള്‍പ്പെട്ട സംസ്ഥാനത്തിന്റെ അകത്തും പുറത്തുമുള്ള മുന്നൂറോളം പേരാണ് ഫെസ്റ്റിവലിന്റെ ഭാഗമായി കൊയിലാണ്ടിയിലെത്തുന്നത്. കൊയിലാണ്ടി ടൌണ്‍ ഹാളില്‍ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന പുരസ്‌ക്കാര ചടങ്ങിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫെസ്റ്റിവല്‍ ചെയര്‍മാന്‍ പ്രശാന്ത് ചില്ല, ജന കണ്‍വീനര്‍ ഹരി ക്ലാപ്‌സ്, സംഘടന പ്രസിഡന്റ് ജനു നന്തി ബസാര്‍, ജന സെക്രട്ടറി സാബു കീഴരിയൂര്‍, ബബിത പ്രകാശ്, ആഷ്ലി വിജയ്, റിനു രമേശ്, കിഷോര്‍ മാധവന്‍, രഞ്ജിത് നിഹാര, ഷിജിത് മണവാളന്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.










