ഡി.വൈ.എഫ്.ഐ കാപ്പാട് മേഖലാ പ്രസിഡണ്ടിനെ വാഗാഡ് സൈറ്റ് എഞ്ചിനിയര്‍ ആക്രമിച്ചതായി പരാതി


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കാപ്പാട് മേഖലാ പ്രസിഡന്റ് ശിവപ്രസാദിനെ ദേശീയപാത കരാര്‍ പ്രവര്‍ത്തി ഏറ്റെടുത്ത വാഗാഡ് സൈറ്റ് എഞ്ചിനിയര്‍ ആക്രമിച്ചതായി പരാതി. ഇന്ന് 12 മണിയോടെ തിരുവങ്ങൂരില്‍ വെച്ചായിരുന്നു സംഭവം. ആക്രമണത്തില്‍ ശിവപ്രസാദിന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവങ്ങൂര്‍ സി എച്ച് സി യില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
തിരുവങ്ങൂരിലെ അപ്രോച്ച് റോഡിന്റെ ഇരുഭാഗങ്ങളിലും കോണ്‍ക്രീറ്റ് ഭിത്തിയില്‍ വിള്ളല്‍ അപകട ഭീഷണിയുളള ഭാഗം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് തടയാനെത്തിയതോടെയാണ് പ്രവര്‍ത്തകരും ദേശീയപാത കരാര്‍ പ്രവര്‍ത്തി ഏറ്റെടുത്ത വാഗാഡ് സൈറ്റ് എഞ്ചിനിയറും തമ്മില്‍ വാക്കേറ്റവും ആക്രമവും നടന്നത്.
മേഖലാ സെക്രട്ടറി കിരണ്‍, മേഖലാ പ്രസിഡന്റ് ശിവപ്രസാദ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിജീഷ്, ബ്ലോക്ക് കമ്മിറ്റിയംഗം രജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണി തടഞ്ഞത്. തൊഴിലാളികള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങിയപ്പോള്‍ സൈറ്റ് എഞ്ചിനിയര്‍ അവരെ തടയുകയും വഴക്കുപറഞ്ഞ് പ്രവൃത്തി തുടരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ഇതോടെ വാക്കുതര്‍ക്കം രൂക്ഷമായി. ഇതിനിടയില്‍ സ്ഥലത്തുണ്ടായിരുന്ന വണ്ടിയുടെ ഗ്ലാസ് കഷണം ഉപയോഗിച്ച് ശിവപ്രസാദിന്റെ തലയ്ക്കുനേരെ ആക്രമിക്കുകയുമായിരുന്നു. ഇത് കൈകൊണ്ട് തടയവേയാണ് ശിവപ്രസാദിന്റെ കൈക്ക് പരിക്കേറ്റത്.










