കേരള സ്‌കൂള്‍ ഗേള്‍സ് സീനിയര്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി നടേരി കാവുംവട്ടം സ്വദേശി മേധ ദീപ്ത എസ്

 

 

കൊയിലാണ്ടി: കേരള സ്‌കൂള്‍ ഗേള്‍സ് സീനിയര്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി കൊയിലാണ്ടി നടേരി കാവുംവട്ടം സ്വദേശി മേധ ദീപ്ത എസ്. കേരള സ്‌കൂള്‍ ഒളിമ്പിക്‌സില്‍ 19 വയസ്സില്‍ താഴെയുള്ളവരുടെ സീനിയര്‍ ഗേള്‍സ് ക്രിക്കറ്റ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വയനാട് ജില്ലാ ടീമിലെ പ്രധാന ബൗളര്‍ കൂടിയാണ്. ലെഫ്റ്റ് ഹാന്‍ഡ് സ്പിന്നര്‍. രണ്ട് കളികളില്‍ ബൌളിങ് ഓപ്പണ്‍ ചെയ്യുകയും ആ രണ്ട് കളിയിലും ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. ഈ കളി മികവ് ജനുവരിയില്‍ മധ്യപ്രദേശില്‍ വെച്ചു നടക്കുന്ന ദേശീയ സ്‌കൂള്‍ ഗെയിംസ് ടീമില്‍ മേധയുടെ സ്ഥാനം ഉറപ്പിച്ചു. ബി സി സി ഐ യുടെ നാഷണല്‍ ലെവല്‍ അണ്ടര്‍ 15 മല്‍സരത്തിനുള്ള കേരള ടീം അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഏക കോഴിക്കോട്ടുകാരിയാണ് മേധദീപ്ത.

ഇക്കഴിഞ്ഞ അണ്ടര്‍ 23, അണ്ടര്‍ 19, അണ്ടര്‍ 15 ജില്ലാതല മല്‍സരങ്ങളില്‍ രണ്ടില്‍ താഴെ റണ്‍ നിരക്കില്‍ ബൌള്‍ ചെയ്യാന്‍ കഴിഞ്ഞതോടെയാണ് സെലക്റ്റര്‍മാര്‍ മേധയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. 2024 മുതല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ സി എ) വയനാട് കൃഷ്ണഗിരിയിലുള്ള ക്രിക്കറ്റ് അക്കാദമിയില്‍ ജസ്റ്റിന്‍, ജിനി എന്നിവരുടെ കീഴിലാണ് മേധ പരിശീലിക്കുന്നത്.

കോഴിക്കോട് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് അധ്യാപകനായ സിജു കെ. ഡിയുടെയും നിത ടി. ഡിയുടെയും മകളായ മേധദീപ്ത കൊയിലാണ്ടി കാവുംവട്ടം സ്വദേശിയാണ്. ഇപ്പോള്‍ വയനാട്ടിലെ സെന്റ് തോമസ് സ്‌കൂള്‍, നടവയലില്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.

2023 ല്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ കാവുംവട്ടം എം യൂ പി സ്‌കൂള്‍ സംഘടിപ്പിച്ച കോച്ചിങ് ക്യാമ്പിന്റെ കണ്ടെത്തലാണ് മേധ. സുശീല്‍ കുന്നുമ്മല്‍, ഷംസുദ്ദീന്‍ കണ്ണന്‍കോട്ട്, കെ കെ മനോജ് എന്നിവരായിരുന്നു ക്യാമ്പിന് നേതൃത്വം നല്കിയത്. ശേഷം ഏതാണ്ട് രണ്ടുവര്‍ഷത്തോളം കാവും വട്ടം എം യു പി സ്‌കൂള്‍ ഗ്രൗണ്ടില്‍ തന്നെ യുള്ള ക്രിക്കറ്റ് നെറ്റില്‍ നിന്നും ഷംസുദീന്‍ തുടര്‍ പരിശീലനം നല്‍കി മേധയെ മിനുക്കി യെടുത്തു.

ഷംസുദീന്‍ന്റെ തന്നെ ക്രിക്കറ്റ് ക്ലബ് ആയിരുന്ന രോഹന്‍ സി സി യിലൂടെ കോഴിക്കോട്ടെ മുതിര്‍ന്ന ക്രിക്കറ്റ് കളിക്കാരോടാപ്പം ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കുവാനും അവസരം കിട്ടി. അതോടെ കോഴിക്കോട് പതിനഞ്ചു വയസുകാരുടെ ജില്ലാ ടീമിലേക്ക് സെലക്ഷന്‍ നേടുകയും കേരള ക്രിക്കറ്റ് അസോസിയേഷന്റെ കോഴിക്കോട്ടെ ടീം കോച്ചുമാരായ അനു അശോക് , അഖില വാസുദേവ് എന്നിവരുടെ കീഴിലുള്ള പരിശീലനവും കൂടി നേടിയിതോടൊപ്പം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ എറണാകുളം തൃപ്പുണിത്തറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ കൂടിയാണ് മേധാ ദീപ്ത മിന്നുമണി ഉള്‍പ്പെടെ നിരവധി താരങ്ങളെ വാര്‍ത്തെടുത്ത കൃഷ്ണഗിരി അക്കാദമിയിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!