കൊയിലാണ്ടിയില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ആധുനിക സൌകര്യങ്ങളോടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നു

 

 

കൊയിലാണ്ടി : നഗരത്തിന്റെ ഹൃദയ ഭൂമിയില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ആധുനിക സൌകര്യങ്ങളോടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നു. 21 കോടി രൂപ ചെലവില്‍ 6 നിലകളിലായി 60000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് ഇതിന്റെ നിര്‍മ്മിതി രൂപകല്‍പന ചെയ്തത്.  നഗരത്തിന്റെ തീരാപ്രശ്‌നമായിരുന്ന സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് പരിമിതി ഒരു പരിധി വരെ പരിഹരിക്കുന്നതിന് അണ്ടര്‍ ഗ്രൌണ്ടില്‍ 10000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 80 കാറകളും, 200 ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

ഒക്ടോബര്‍ 21 ചൊവ്വാഴ്ച വൈകീട്ട് 3 മണിക്ക് കേരളാ തദ്ദേശസ്വയം ഭരണ  എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഭാഗവാഹികള്‍ പത്രസമ്മളനത്തില്‍ പറഞ്ഞു.
 കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അദ്ധ്യക്ഷ്യയാകുന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍, ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ എന്നിവരെല്ലാം പരിപാടിയില്‍ ഭാഗമാകും.
കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായ പഴയ ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചു നീക്കി പുതിയകാലത്തിനനുസരിച്ച് കെട്ടിടം പണിയുന്നതിന് നഗരസഭ എടുത്ത തീരുമാനമാണ് ഇപ്പോള്‍ പൂര്‍ണ്ണതയില്‍ എത്തി നില്‍ക്കുന്നത്.  ആധുനിക കാലത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് ബഹുനില കെട്ടിടം ഒരുക്കി കൊയിലാണ്ടി നഗരത്തിലെ വ്യാപാര വാണിജ്യ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുക എന്നതായിരുന്നു നഗരസഭയുടെ ലക്ഷ്യം.
ഗ്രൌണ്ട് ഫ്‌ളോറില്‍ 20 ഷോപ്പ് മുറികള്‍, ഒന്നാം നിലയില്‍ 21 മുറുകള്‍ എന്നിവയ്‌ക്കൊപ്പം രണ്ട്, മൂന്ന്, നാല് നിലകളിലായി ഓരോ നിലയിലും 10000 സ്‌ക്വയര്‍ ഫീറ്റ് വീതം വിസ്തൃതിയില്‍ ഷോപ്പിംഗ് മാള്‍, ടെക്സ്റ്റയില്‍സ് ഷോറൂമുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫുഡ് കോര്‍ട്ട്, ഗോള്‍ഡ് സൂക്ക്, ഓഫീസ് മുറികള്‍, ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങല്‍ക്കുള്ള സൌകര്യം, റൂഫ് ടോപ്പ് കഫ്റ്റീരിയ, നാലാം നിലയില്‍ 4000 സ്‌ക്വയര്‍ ഫീറ്റില്‍ മള്‍ട്ടി പ്ലക്‌സ് തിയ്യറ്റര്‍ സൌകര്യങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.
 കേരള അര്‍ബ്ബന്‍ & റൂറല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ വായ്പ സൌകര്യവും നഗരസഭയുടെ തനത് ഫണ്ടും സമന്വയിപ്പിച്ചാണ് ഈ കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവ് കണ്ടെത്തിയിരിക്കുന്നത്.  കോഴിക്കോട് NIT യിലെ ആര്‍കിടെക്ച്ചറല്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട് മെന്റിലെ വിദഗ്ദരായ എഞ്ചിനീയര്‍മാരാണ് പ്ലാനും, ഡിസൈനും തയ്യാറാക്കിയത്.  നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് നിര്‍മ്മാണ മേല്‍നോട്ടവും സാങ്കേതിക സഹായവും ഒരുക്കിയത്.  മഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് ടെണ്ടര്‍ ഏറ്റെടുത്ത് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
പഴയ കെട്ടിടങ്ങളുടെ പരിമിതിയില്‍   വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി നഗരത്തിന്റെ വ്യാപാര മേഖലയ്ക്ക് ആധുനിക സൌകര്യങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം തന്നെ നഗരസഭയുടെ തനത് വരുമാന വര്‍ദ്ധന നേടുക എന്നതും ഈ പ്രൊജക്ടിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു.  കൂടാതെ ഗതാഗത പ്രശ്‌നത്തിന്റെ പരിഹാരത്തിനും പൂര്‍ണ്ണതോതിലല്ലെങ്കിലും വലിയൊരളവില്‍ പരിഹാരമുണ്ടാക്കുന്നതിനും അണ്ടര്‍ ഗ്രൌണ്‍ പാര്‍ക്കിംഗ്, ബസ് ബേ എന്നിവ പ്രയോജനപ്പെടും.  ഈ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ കൊയിലാണ്ടിയിലെ ഏറ്റവും വലിയ കെട്ടിട സമുഛയം എന്ന ആവശ്യംകൂടി യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.  ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്നും ലഭിക്കുന്ന വാടകയിലൂടെ വലിയൊരു തനത് വരുമാന സ്രോതസ്സുകൂടി തുറക്കപ്പെടുന്നതോടെ നഗരത്തിന്റെ വികസനത്തിനുള്ള വിഭവലഭ്യത വലിയതോതില്‍ സാധ്യമായിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!